കണ്ണൂര്‍ വിമാനത്താവളം 2018 സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി

single-img
19 September 2017

കണ്ണൂര്‍ വിമാനത്താവളം 2018 സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര, രാജ്യാന്തര വിമാനക്കമ്പനികള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജറ്റ് എയര്‍വേസിന് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും ഒരോ സര്‍വീസ് വീതം നടത്തുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌കറ്റ് ഹോട്ടലില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം 3050 മീറ്ററില്‍ നിന്ന് 4000 മീറ്ററാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്.

ഇതോടെ കേരളത്തിലെ ഏറ്റവും വലിയ റണ്‍വേയോടു കൂടിയ വിമാനത്താവളമായി കണ്ണൂര്‍ മാറും. നിലവില്‍ 84 തസ്തികകളില്‍ നിയമനം നടത്തി. ബാക്കിയുള്ള 94 തസ്തികകളില്‍ നിയമനം നടത്താന്‍ നടപടി പുരോഗമിക്കുന്നു. സ്ഥലമേറ്റെടുത്തപ്പോള്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി 41 തസ്തികകള്‍ നീക്കിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്റഗ്രേറ്റഡ് പാസഞ്ചര്‍ ടെര്‍മിനല്‍ 2018 ജനുവരിയില്‍ പൂര്‍ത്തിയാകും. 498 കോടി രൂപയാണ് ഇതിനുള്ള ചെലവ്. ഡിസംബറോടെ എക്‌സ്‌റേ മെഷീനും 2018 മാര്‍ച്ചില്‍ ലഗേജ് സംവിധാനവും ഫെബ്രുവരിയില്‍ പാസഞ്ചര്‍ ബോര്‍ഡിംഗ് ടെര്‍മിനലും തയാറാവും.

എസ്‌കലേറ്റര്‍ സംവിധാനം ജനുവരിക്ക് മുന്‍പ് പൂര്‍ത്തിയാകും. വിമാനത്താവളത്തിന് പുറത്തെ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുള്ള 126 കോടി രൂപയുടെ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ നടപടി അവസാന ഘട്ടത്തിലാണ്.

വിമാനത്താവളത്തിന്റെ ചെറിയ ഓഹരികള്‍ എടുത്തവര്‍ക്ക് കൂടുതല്‍ ഓഹരികള്‍ വാങ്ങുന്നതിന് തടസ്സമില്ല. സഹകരണ സ്ഥാപനങ്ങള്‍ക്കും ഓഹരിയെടുക്കാം. വിമാനത്താവള ബോര്‍ഡിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.