ഐടി പ്രൊഫഷണലുകാര്‍ക്ക് ആശ്വാസം: എച്ച്1ബി വിസ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അമേരിക്ക പുനരാരംഭിച്ചു

single-img
19 September 2017

വാഷിങ്ടണ്‍: എച്ച്1ബി വിസ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അമേരിക്ക പുനരാരംഭിച്ചു. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് വിസ നല്‍കുന്നതില്‍ യു.എസ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അമേരിക്കയില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് എച്ച് വണ്‍ ബി വിദേശ തൊഴില്‍ വിസ നല്‍കുന്നത് നിര്‍ത്തിവച്ചത് എന്നായിരുന്നു ആരോപണം.

ഇന്ന് പുറത്തിറക്കിയ കുറിപ്പില്‍ വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുകയാണെന്ന് അമേരിക്ക അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിസ ലഭ്യമാക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 2018ല്‍ 20,000 അപേക്ഷകര്‍ക്ക് വേഗത്തില്‍ എച്ച്.1ബി വിസ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളുള്‍പ്പെടെ നിരവധി പേര്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുന്നത് എച്ച്.1ബി വിസകളാണ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു യു.എസ് വേഗത്തില്‍ എച്ച്1ബി വിസകള്‍ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തയത്.