ജിഎസ്ടി കേന്ദ്രസര്‍ക്കാരിനെ തിരിച്ചടിച്ചു: വരുമാനത്തില്‍ വന്‍ ഇടിവ്; ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നു

single-img
19 September 2017

ജിഎസ്ടി നടപ്പിലാക്കുന്നതോടെ നികുതി വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ കണക്കു കൂട്ടലുകള്‍ക്ക് തിരിച്ചടി. നികുതി വരുമാനത്തില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് റെയില്‍വേ,റോഡ് നിര്‍മാണം എന്നീ മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപം വെട്ടിച്ചുരുക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജി. എസ്. ടി ഏര്‍പെടുത്തിയതിനെ തുടര്‍ന്ന് വ്യാപാര മേഖലയില്‍ ഉണ്ടായ അനിശ്ചിതാവസ്ഥയും ആശങ്കയുമാണ് വരുമാനം കുറയാന്‍ കാരണമായിരിക്കുന്നത്.

ദശലക്ഷ കണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുതിയ നികുതി സമ്പ്രദായവുമായി ഇനിയും പൊരുത്തപ്പെടുവാന്‍ സാധിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈയിലെ ആകെ ജിഎസ്ടി വരുമാനം 50,700 കോടി രൂപയാണ് കോടി മാത്രമാണ്.

അതേസമയം ധൃതി പിടിച്ചു ജി.എസ്.ടി നടപ്പാക്കിയത് സമ്പദ്ഘടനക്കു വലിയ ആഘാതം സൃഷ്ടിച്ചതായി മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപി ഇടിവ് 5.7 ശതമാനമായി ഇടിഞ്ഞെന്നും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.9 ശതമാനമായിരുന്നു എന്നും മന്‍മോഹന്‍സിങ് പറഞ്ഞു.

ഇന്ത്യയില്‍ 90 ശതമാനം തൊഴിലവസരങ്ങളും അസംഘടിത മേഖയിലാണെന്നും മൊത്തം ഉല്‍പാദനതിന്റെ 40 ശതമാനവും ഇവിടെ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി അസംഘടിത മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

പൊതു ചെലവുകള്‍ വെട്ടികുറക്കുന്നില്ലെങ്കില്‍ ധനകമ്മി കാര്യമായ തോതില്‍ ഉയരും. ധനകമ്മി 3.2 ശതമാനമാക്കി ചുരുക്കി കൊണ്ടുവരാനാണ് കഴിഞ്ഞ ബഡ്ജറ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ റെയില്‍വേ വികസനത്തിന് 55,000 കോടി രൂപയും റോഡ് വികസനത്തിന് 64,000 കോടി രൂപയുമാണ് വകയിരുത്തിയത്.

പുതിയ സാഹചര്യത്തില്‍ ഇതിന്റെ പകുതി മാത്രമേ ചെലവഴിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് ധനമന്ത്രാലയം നല്‍കുന്ന സൂചന. നോട്ട് നിരോധനവും ജി. എസ്. ടിയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന വിമര്‍ശനം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ മാര്‍ഗങ്ങള്‍ തേടുന്നത്.