നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം: ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ച് ദിലീപിനെ അകത്തുതന്നെ കിടത്തും: വിചാരണ തുടങ്ങാന്‍ വൈകിയാല്‍ വര്‍ഷങ്ങളോളം അഴിക്കുള്ളില്‍?

single-img
19 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതായി സൂചന. ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനുമുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഈ സമയ പരിധിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനായില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം കിട്ടുമെന്നിരിക്കെയാണ് അതിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാന്‍ പേലീസ് ശ്രമിക്കുന്നത്.

അങ്ങനെയായാല്‍ ചട്ടപ്രകാരം ജാമ്യം പ്രതീക്ഷിക്കാനേ കഴിയില്ല. അതായത് ഇത്തരം സന്ദര്‍ഭങ്ങളില്‍ കേസിന്റെ വിചാരണ തുടങ്ങി പൂര്‍ത്തിയാകുന്നതുവരെ ദിലീപിന് ജയിലില്‍ റിമാന്റ് തടവുകാരനായി ജയിലില്‍ കഴിയേണ്ടി വരും. അതാണു നിയമത്തിലെ കഠിന വ്യവസ്ഥ.

കുറ്റപത്രം സമര്‍പ്പിച്ചാലും വിചാരണ ഉടനെ തുടങ്ങാനുള്ള പരിഗണനയൊന്നും ദിലീപിനു കിട്ടിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കാലങ്ങലളിലേതു പോലെയാണെങ്കില്‍ നാലോ അഞ്ചോ വര്‍ഷം കഴിയേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്രയും വേണ്ടി വരില്ല.

എങ്കിലും 25 വര്‍ഷം കഴിഞ്ഞിട്ടും അഭയ കേസിലും തൃശൂര്‍ മുന്ന കേസിലും വിചാരണ പോലും തുടങ്ങാത്ത സ്ഥിതിയാണ്. രണ്ടും കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസുകളാണ്. അതിനാല്‍ ദിലീപിന്റെ സ്ഥിതി എന്താവുമെന്നത് കാത്തിരുന്നു തന്നെ കാണണം.

അതേസമയം കോടതി മുമ്പാകെ ശക്തമായ പുതിയ തെളിവുകള്‍ ഹാജരാക്കി പ്രോസിക്യൂഷന്‍ നിലപാട് എടുത്തതിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ദിലീപിന് ജാമ്യം നിഷേധിച്ചത്. സംഭവം നടന്ന ദിവസം ദിലീപ് നടി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. മൊബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ചോഫ് ആയതിനാല്‍ വീട്ടിലെ നമ്പറിലേക്കു വിളിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ക്വട്ടേഷന്‍ തന്നയാള്‍ രാവിലെ പത്തുമണിക്കകം ആക്രമിക്കപ്പെട്ട നടിയെ വിളിക്കുമെന്ന് ആക്രമണസമയത്ത് സുനി നടിയോട് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും രമ്യാനമ്പീശനും അടുത്ത സുഹൃത്തുക്കളാണ്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ വിളി അസ്വാഭാവികമാണെന്ന് പോലീസ് കരുതുന്നു.

സംഭവം നടന്ന ദിവസം തനിക്ക് പനിയായിരുന്നു. അന്നേ ദിവസം വീട്ടില്‍ വിശ്രമത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. എന്നാല്‍ പനി കാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന കാര്യവും ദിലീപിനെതിരെയുള്ള സംശയങ്ങള്‍ ശക്തിപ്പെടുത്തുന്നു.

അതേസമയം നാദിര്‍ഷ ചില കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതായും പോലീസിന് സംശയമുണ്ട്. പല സാക്ഷിമൊഴികളില്‍ നിന്ന് സ്ഥിരീകരിച്ച വിവരങ്ങള്‍ നാദിര്‍ഷ അറിയില്ലെന്ന് പറയുന്നതായാണ് സൂചന. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനില്‍ സുനിയെത്തി 25,000 രൂപ നാദിര്‍ഷയുടെ കൈയില്‍നിന്ന് കൈപ്പറ്റിയെന്ന വിവരമാണ് ഇതിലൊന്ന്.

ഇത് പോലീസ് സ്ഥിരീകരിച്ചതാണ്. രണ്ടുതവണയായി 18 മണിക്കൂറോളം ചോദ്യംചെയ്തിട്ടും നാദിര്‍ഷ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പോലീസ് കുറ്റപ്പെടുത്തുന്നുണ്ട്. നാദിര്‍ഷയുടെ ഫോണിലേക്ക് ചിലര്‍ വിളിച്ചെന്ന് ദിലീപുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച് രണ്ടുപേരുടെയും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ട്. ഓരോതവണ ജാമ്യാപേക്ഷ വരുമ്പോഴും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന മറുവാദങ്ങള്‍ സമര്‍പ്പിക്കുന്ന രീതിയാണ് പോലീസ് ഇതുവരെ സ്വീകരിച്ചത്.

നടി ആക്രമിക്കപ്പെട്ടതിനുശേഷം ദിലീപ് നല്‍കിയ ഒരു അഭിമുഖത്തിലെ പല വിവരങ്ങളും അന്വേഷണത്തിന് സഹായമായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അന്വേഷണോദ്യോഗസ്ഥരെ കുറ്റപ്പെടുത്താതിരുന്ന ദിലീപ്, പ്രതിയായതിനുശേഷം നേരേ വിപരീതമായി സംസാരിച്ചുവെന്നും പോലീസ് വിലയിരുത്തുന്നു.