ബിഡിജെഎസ് എന്‍ഡിഎ വിടാനൊരുങ്ങുന്നു

single-img
19 September 2017

ആലപ്പുഴ: കടുത്ത അവഗണന സഹിച്ച് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്ന് ബിഡിജെഎസ് നേതാക്കള്‍. മുന്നണി രൂപീകരിച്ച് ഒരുവര്‍ഷമായിട്ടും വാഗ്ദാനം ചെയ്ത പദവികളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് എന്‍ഡിഎ വിടുന്ന കാര്യം ആലോചിക്കുന്നത്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഉടന്‍തന്നെ നേതൃയോഗം ചേരാനും തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രമന്ത്രി പദവി, രാജ്യസഭാംഗം തുടങ്ങിയ സ്ഥാനങ്ങളിലായിരുന്നു ബിഡിജെഎസിന്റെ നോട്ടം. ഏതെങ്കിലും ബോര്‍ഡ് ചെയര്‍മാന്‍ പദവി കിട്ടിയാലും തൃപ്തിപ്പെടുമായിരുന്നു. എന്നാല്‍ ഒന്നും നല്‍കാതെ ബിഡിജെഎസിനെ തഴഞ്ഞെന്നാണ് പരാതി.

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിയമസഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും നിര്‍ണായകമായ സ്വാധീനമുണ്ടാക്കാന്‍ ബിഡിജെഎസിന്റെ പ്രവര്‍ത്തനം ഗുണം ചെയ്തിട്ടുണ്ടെന്നും എന്നാല്‍, അന്നു നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായില്ലെന്നുമുള്ള ആരോപണങ്ങള്‍ ബിഡിജെഎസ് ഒളിഞ്ഞും തെളിഞ്ഞും ബിജെപിക്കെതിരെ ആരോപിച്ചിരുന്നു.

എന്നാല്‍ ഇതില്‍ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് സെപ്തംബര്‍ 30നകം അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ മുന്നണി വിടാന്‍ ബിഡിജെഎസിന്റെ തീരുമാനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായങ്ങളില്‍ കാര്യമുണ്ടെന്നും എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തുന്നില്ലെന്നും മുന്നണിയ്ക്കുള്ളില്‍ ബിജെപി തന്‍പ്രമാണിത്തം കാണിക്കുന്നെന്നും ബിഡിജെഎസിനുള്ളില്‍ ആക്ഷേപം ശക്തമാണ്.

അതേസമയം ഇക്കാര്യത്തില്‍ പരസ്യ നിലപാട് എടുക്കുവാന്‍ ഇപ്പോള്‍ ബിഡിജെഎസ് നേതൃത്വം തയ്യാറല്ല. ഇടതു വലതു മുന്നണികളിലേക്ക് ബിഡിജെഎസിന് ക്ഷണം ഉണ്ടെങ്കിലും ഉടനെ ഒരു മുന്നണിയിലേക്ക് ചേക്കേറണ്ടെന്നാണ് സുഭാഷ് വാസു അടക്കമുള്ള ബിഡിജെഎസ് നേതാക്കളുടെ നിലപാട്.

എന്നാല്‍ ബിഡിജെഎസ് മുന്നണി വിടുന്നത് ഏതുവിധേനയും തടയാന്‍ ബിജെപി ശ്രമിക്കും. അല്ലാത്തപക്ഷം കേരളത്തെ ലക്ഷ്യമിടുന്ന ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സ്വപ്നങ്ങള്‍ കൂടി ഇതോടെ പൊലിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.