ഉത്തര്‍പ്രദേശില്‍ നാലായിരത്തോളം കുട്ടികള്‍ പഠിക്കുന്ന മദ്രസയിലെ വാട്ടര്‍ ടാങ്കില്‍ എലിവിഷം കലര്‍ത്തി

single-img
18 September 2017

ലഖ്‌നൗ: മദ്രസയിലെ വാട്ടര്‍ ടാങ്കില്‍ എലിവിഷം കലര്‍ത്തിയതായി പരാതി. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അലിഗഢിലെ ചാച്ചാ നെഹ്‌റു മദ്രസയിലാണ് സംഭവം. മദ്രസാ അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാലായിരത്തോളം കുട്ടികള്‍ പഠിക്കുന്ന മദ്രസയിലെ വാട്ടര്‍ ടാങ്കില്‍ രണ്ടുപേര്‍ ചേര്‍ന്ന് എന്തൊക്കെയോ കലര്‍ത്തുന്നത് ഒരു വിദ്യാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. മുഹമ്മദ് അഫ്‌സല്‍ എന്ന വിദ്യാര്‍ത്ഥി വെള്ളം കുടിക്കാനായി എത്തിയപ്പോളാണ് വാട്ടര്‍ ടാങ്കിന് സമീപം അപരിചിതരായ രണ്ടുപേര്‍ നില്‍ക്കുന്നത് കണ്ടത്.

എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ഇവരില്‍ ഒരാള്‍ അഫ്‌സലിനെ തോക്കു ചൂണ്ടി ഭയപ്പെടുത്തി. തുടര്‍ന്ന് അജ്ഞാതര്‍ പോയതിനു ശേഷം ടാങ്കിനു സമീപമുണ്ടായിരുന്ന എലിവിഷത്തിന്റെ കൂട് എടുക്കുകയും അഫ്‌സല്‍ ഇക്കാര്യം അധ്യാപകരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എലിവിഷമാണ് കലര്‍ത്തിയതെന്ന് കണ്ടത്തിയത്.

അതേസമയം മദ്രസയുടെ പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവം ഞെട്ടിക്കുന്നതാണെന്ന് സല്‍മ അന്‍സാരി പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് മദ്രസയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും അവര്‍ വ്യക്തമാക്കി.