മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകള്‍ കണ്ടെത്തി

single-img
18 September 2017

മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകള്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായ 18 ഫയലുകളാണ് കണ്ടെത്തിയത്. ഓഫീസിലെ അലമാരയില്‍ നിന്ന് തന്നെയാണ് ഫയലുകള്‍ ലഭിച്ചത്. നേരത്തെ ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും ഫയലുകള്‍ ലഭിച്ചിരുന്നില്ല.

മൂന്ന് ഫയലുകള്‍ കൂടി ഇനി കണ്ടുകിട്ടേണ്ടതുണ്ട്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ആലപ്പുഴ നഗരസഭയില്‍ നിന്നും നിര്‍ണ്ണായക ഫയലുകള്‍ കാണാതായത്.

റിസോര്‍ട്ട് നിര്‍മ്മാണത്തിന് 2000ല്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകളായിരുന്നു കാണാതായത്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സെര്‍ച്ച് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫയലുകള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നഗരസഭയിലെ തന്നെ അലമാരയില്‍ നിന്നും ഫയല്‍ കണ്ടെത്തിയിരിക്കുന്നത്.