റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍: ‘അഭയാര്‍ഥികള്‍ക്ക് തീവ്രവാദികളുമായി ബന്ധം’

single-img
18 September 2017

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥികളെ രാജ്യത്തുനിന്നും ഒഴിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും നല്‍കി.

അഭയാര്‍ഥികളെ ഇന്ത്യയില്‍ എത്തിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ബംഗാള്‍, ത്രിപുര, മ്യാന്‍മാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഐഎസ്, ഐഎസ്‌ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

റോഹിങ്ക്യന്‍ കുടിയേറ്റം പൂര്‍ണമായും നിയമവിരുദ്ധമാണ്. ഇവര്‍ ഇന്ത്യയില്‍ തുടരുന്നത് ദേശീയ സുരക്ഷാ സംവിധാനങ്ങളെ ഗുരുതരമായി ബാധിക്കും. ഇവര്‍ രാജ്യത്തിനു ഭീഷണിയാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 3 ലേക്ക് മാറ്റി. ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.

അതേസമയം റോഹിങ്ക്യന്‍ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷനെ കേസില്‍ ഇടപെടുത്തേണ്ടെന്നു കോടതി നിലപാട് സ്വീകരിച്ചു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അഭയാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജീവന് സുരക്ഷിതത്വമില്ലാത്ത മ്യാന്‍മറിലേക്ക് തന്നെ തിരിച്ചയക്കാനുളള നീക്കം അഭയാര്‍ത്ഥികളുടെ മൗലികാവകാശങ്ങളുടെയും അന്താരാഷ്ട്ര മര്യാദകളുടെയും ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.

ഇന്ത്യന്‍ പൗരന്മാരല്ലാത്തതിനാല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ ഇല്ലെന്നും അതിനാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ചീഫ് ജസ്റ്റിസ് ദീപ്ക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.