വിദേശ ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്: ഭാര്യയെ ‘സോപ്പിട്ട്’ നിന്നോളൂ; ഇല്ലെങ്കിൽ പാസ്പോര്‍ട്ട് റദ്ദാക്കും

single-img
18 September 2017

ഡല്‍ഹി: ഭാര്യമാരെ പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന വിദേശ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കുറ്റവാളികളെ വിട്ടുകിട്ടാന്‍ വിദേശ രാജ്യങ്ങളുമായി ഒപ്പുവയ്ക്കുന്ന കരാറുകളില്‍ ഗാര്‍ഹിക പീഡന കേസുകള്‍ ഉള്‍പ്പെടുത്തും. ഉന്നതതല സമിതി നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഇതിനായി വിദേശകാര്യ മന്ത്രാലയവും വനിതാ ശിശുക്ഷേമ മന്ത്രാലയവും നടപടികള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഗാര്‍ഹിക പീഡനത്തിന് ഇരയായ വിദേശ ഇന്ത്യക്കാരായ സ്ത്രീകള്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനു നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഇവ പരിശോധിക്കാന്‍ മന്ത്രാലയം രൂപീകരിച്ച ഉന്നതതല സമിതിയാണ് ഭാര്യമാരെ പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന വിദേശ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് തടഞ്ഞു വയ്ക്കുകയോ റദ്ദാക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ഭാര്യമാരെ ഉപേക്ഷിക്കല്‍ തുടങ്ങിയകേസുകളില്‍ പ്രതികളാകുന്ന വിദേശ ഇന്ത്യക്കാര്‍ അപൂര്‍വമായേ വിചാരണയുമായി സഹകരിക്കാറുള്ളൂ. ഇത് പരിഹരിക്കാനാണ്‌
കുറ്റവാളികളെ വിട്ടുകിട്ടാന്‍ വിദേശ രാജ്യങ്ങളുമായി ഉണ്ടാക്കുന്ന കരാറുകളില്‍ ഗാര്‍ഹിക പീഡന കേസും ഉള്‍പ്പെടുത്താനുള്ള തീരുമാനം. പാസ്പോര്‍ട്ട് തടഞ്ഞു വയ്ക്കുകയാണെങ്കില്‍ കേസ് തീര്‍പ്പാക്കിയ ശേഷമേ പ്രതിയായ ആള്‍ക്ക് വിദേശത്തേക്ക് പോകാന്‍ കഴിയൂ.

ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നതിന് സ്ഥാനപതി കാര്യാലയങ്ങള്‍ വഴി ആറായിരം ഡോളര്‍ എങ്കിലും അനുവദിക്കണം. വിദേശ ഇന്ത്യക്കാരുടെ വിവാഹങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാന്‍ ഇവരുടെ പാസ്പോര്‍ട്ട് വിവരങ്ങളും വിദേശത്തെ മേല്‍വിലാസവും നിര്‍ബന്ധമാക്കണം. വിദേശ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ഗാര്‍ഹിക പീഡന കേസുകള്‍ കൈകാര്യം ചെയ്യാന്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ അടങ്ങുന്ന സ്ഥിരം സംവിധാനം രൂപീകരിക്കുന്ന കാര്യവും ചര്‍ച്ചചെയ്യുന്നുണ്ട്.