മഴയ്ക്ക് ഇന്ന് അല്‍പം ശമനം: സംസ്ഥാനത്ത് വ്യാപകനാശനഷ്ടം: മൂന്നുദിവസം കൂടി ശക്തമായ മഴ തുടരും

single-img
18 September 2017

തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്തു ശക്തിപ്രാപിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മൂന്നുദിവസം കൂടി ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മിക്കയിടത്തും ഇന്ന് രാവിലെ മുതല്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

രണ്ടു ദിവസത്തേക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ മഴ പെയ്യും. 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കും എഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചതാണ് കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്കു കാരണം.

കാലവര്‍ഷത്തിന്റെ ഭാഗമായി അറബിക്കടലിന്റെ പടിഞ്ഞാറന്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ പാത്തിയും ഒഡിഷ, വടക്കന്‍ ആന്ധ്ര തീരത്ത് രൂപംകൊണ്ട ശക്തമായ അന്തരീക്ഷച്ചുഴിയും കേരളത്തില്‍ മഴ കനക്കാന്‍ കാരണമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അന്തരീക്ഷച്ചുഴിയുടെയും ന്യൂനമര്‍ദ പാത്തിയുടെയും പ്രഭാവം കാലവര്‍ഷക്കാലത്ത് ഉണ്ടാകാറുണ്ട്. അതിന്റെ ഭാഗമായി ശക്തമായ മഴയും ലഭിക്കാറുണ്ട്. എന്നാല്‍, അന്തരീക്ഷച്ചുഴിയും ന്യൂനമര്‍ദ പാത്തിയും ഒരുമിച്ചു ശക്തിപ്രാപിച്ചതാണ് കേരളത്തില്‍ അത്യന്തം കനത്ത മഴയ്ക്കു കാരണം.

ഈ സ്ഥിതി മൂന്നു ദിവസം കൂടി തുടരും. തുടര്‍ന്ന് മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപക മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം മഴ കനത്തതോടെ അട്ടപ്പാടിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി.

ആനക്കല്ലില്‍ ഉരുള്‍പൊട്ടി വ്യാപകനാശമുണ്ടായി. താമരശേരി ചുരത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി അവധി പ്രഖ്യാപിച്ചു.

മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കനത്ത മഴയില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്.

മുളംകുന്നത്തുകാവ്വള്ളത്തോള്‍നഗര്‍ സ്റ്റേഷനുകള്‍ക്കിടെ മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും പിന്‍വലിച്ചു. റെയില്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ സമയമെടുത്തേക്കും. തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നതായാണ് വിവരം.

മൂന്നാറിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങളെല്ലാം നേര്യമംഗലത്ത് തടയും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗത നിരോധനം തുടരും. കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവച്ചു, പള്ളിവാസലിനു സമീപം രണ്ടാം മൈലിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞു വീണ് ഒരു കാര്‍ നശിച്ചിട്ടുണ്ട്. പാലക്കാട് മണ്ണാര്‍കാട്അട്ടപ്പാടി ചുരം റോഡിലും ഗതാഗതം നിരോധിച്ചു.

മഴ കനത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റവന്യൂ അഡീ.ചീഫ് സെക്രട്ടറിക്ക് ചുമതല നല്‍കി. പ്രശ്‌നങ്ങള്‍ റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.