കാവ്യാ മാധവനും, നാദിര്‍ഷയ്ക്കും താത്ക്കാലിക ആശ്വാസം: പ്രതികളാക്കേണ്ട സാഹചര്യമില്ലെന്ന് പോലീസ്

single-img
18 September 2017

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കാവ്യാ മാധവനും നാദിര്‍ഷയ്ക്കും താത്ക്കാലിക ആശ്വാസം. ദിലീപിന്റെ ഭാര്യയായ കാവ്യയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കാവ്യാ മാധവന്റേയും, സുഹൃത്ത് നാദിര്‍ഷയുടേയും പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

കാവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയ്ക്ക് മറുപടിയായി നല്‍കുന്ന റിപ്പോര്‍ട്ടിലാണ് കാവ്യയുടേയും നാദിര്‍ഷയുടേയും പങ്ക് അന്വേഷിക്കുന്നുണ്ടെന്ന കാര്യം ഇതാദ്യമായി പോലീസ് സ്ഥിരീകരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും പലരേയും ഇപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കാവ്യയ്‌ക്കോ നാദിര്‍ഷയ്‌ക്കോ ക്ലീന്‍ചിറ്റ് നല്‍കാന്‍ സമയമായിട്ടില്ലെന്ന നിലപാടിലാണ് പോലീസ്. പോലീസിന്റെ ഇതുവരെയുള്ള നടപടികളില്‍ ദുരൂഹതയുണ്ടെന്നും ഏതു നിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും കാണിച്ചാണ് കാവ്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.

അതിനിടെ കേസുമായി ബന്ധപ്പെട്ട് ജയിലിലായ നടന്‍ ദിലീപ്, ഭാര്യ കാവ്യമാധവന്‍, നാദിര്‍ഷ എന്നിവരുടെ ഹര്‍ജികളില്‍ ഇന്ന് കോടതി വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ചയാണു മുന്‍കൂര്‍ ജാമ്യം തേടി കാവ്യാ മാധവന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇതിന്മേല്‍ ഇന്നു വാദം നടക്കും. ദിലീപിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ രാമന്‍പിള്ള തന്നെ കാവ്യയ്ക്കായും ഹാജരാകും. നേരത്തെ ദിലീപിനൊപ്പം 13 മണിക്കൂര്‍ നാദിര്‍ഷയെ ചോദ്യം ചെയ്ത പോലീസ് ഇന്നലെ അഞ്ചര മണിക്കൂര്‍ കൂടി അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടുണ്ട്.