ഐഫോണ്‍ 8 സെപ്റ്റംബര്‍ 29ന് ഇന്ത്യന്‍ വിപണിയിലെത്തും

single-img
18 September 2017

മുംബൈ: ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നീ പുതിയ പതിപ്പുകള്‍ സെപ്റ്റംബര്‍ 29ന് ഇന്ത്യന്‍ വിപണിയിലെത്തും. വൈകീട്ട് ആറുമണിക്കാണ് ഇന്ത്യയില്‍ പുറത്തിറക്കുന്നത്. യുഎസില്‍ വില്‍പനയ്‌ക്കെത്തി ഒരാഴ്ച കഴിഞ്ഞാണ് ഇന്ത്യയിലും ഐഫോണുകള്‍ ലഭ്യമാകുന്നത്.

ഇതോടൊപ്പംതന്നെ പുതിയ ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി എന്നിവയും ലഭ്യമാക്കും. രാജ്യത്തെ പതിനായിരത്തിലേറെ വരുന്ന റീട്ടെയില്‍ ഷോറൂമുകളിലൂടെ പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ വില്‍പനയില്‍ 50 ശതമാനം കൂടുതല്‍ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഡല്‍ഹി, മുംബൈ, ബെംഗളുരു, കൊല്‍ക്കത്ത, ചെന്നൈ, പുണെ, ഹൈദരാബാദ് തുടങ്ങിയവ ഉള്‍പ്പടെയുള്ള ഒമ്പത് നഗരങ്ങളിലെ പ്രമുഖ മാളുകളിലാകും പുറത്തിറക്കല്‍ ആഘോഷം നടക്കുക. സെപ്റ്റംബര്‍ 22ന് പ്രീ ബുക്കിങ് തുടങ്ങും. സിറ്റി ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേകം ക്യാഷ് ബാക്കും ഉണ്ടാകും.

ഐഫോണ്‍ 8ഉം 8 പ്ലസിനും 10,000 രൂപവീതമായിരിക്കും ക്യാഷ്ബാക്ക്. പുതിയ ഐഫോണും വാച്ചും ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് 15,000 രൂപവരെയും ക്യാഷ്ബാക്ക് ലഭിക്കും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ വഴിയുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കാമ്പയിന്‍ ഉടനെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.