നുണപറഞ്ഞ് ദിലീപ് സ്വയം കുഴിതോണ്ടി: ‘പള്‍സര്‍ സുനി പറഞ്ഞപോലെ സംഭവ ദിവസം രാത്രി ദിലീപ് രമ്യാനമ്പീശനെ വിളിച്ചു’: പോലീസിനോട് പറഞ്ഞത് പനികാരണം പിറ്റെ ദിവസമാണ് സംഭവം അറിഞ്ഞതെന്ന്

single-img
18 September 2017

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ടാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നാലാംവട്ടവും ജാമ്യം നിഷേധിച്ചിരിക്കുന്നത്. നടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന കുറ്റംമാത്രമേ തനിക്കെതിരെ ചുമത്തിയിട്ടുള്ളൂ എന്നതായിരുന്നു ദിലീപ് മുഖ്യമായും ഉന്നയിച്ച വാദം.

പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ജയിലില്‍ 60 ദിവസത്തോളം പിന്നിട്ടതിനാല്‍ തനിക്ക് സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ദിലീപിനെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

പത്ത് വര്‍ഷമല്ല ഇരുപത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ദിലീപിന്റെ പേരിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചു. സംഭവം നടന്ന ദിവസം രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് ഫോണ്‍ വിളിച്ചത് സംശയാസ്പദമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

രാത്രി പത്തു മണിയോടു കൂടി ലാന്‍ഡ് ഫോണിലാണ് ദിലീപ് രമ്യാനമ്പീശനെ വിളിച്ചത്. രാത്രി 12.30വരെ ഫോണില്‍ പലരുമായും ദിലീപ് സംസാരിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതെല്ലാം ദിലീപിനെ സംശയത്തിന്റെ നിഴലിലാക്കുന്നു എന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. അതേസമയം സംഭവം അറിഞ്ഞ് ദിലീപ് വിളിച്ചതാണെന്നും അസ്വാഭാവികത ഒന്നുമില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

എന്നാല്‍ ആലുവ പൊലീസ് ക്ലബില്‍ നടത്തിയ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അന്ന് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് താരത്തിനെതിരായ ശക്തമായ കുരുക്കായി മാറുകയായിരുന്നു.

സംഭവം നടന്ന ദിവസം തനിക്ക് പനിയായിരുന്നു. അന്നേ ദിവസം വീട്ടില്‍ വിശ്രമത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.
13 സെക്കന്‍ഡ് മാത്രം നിലനിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ല. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്.

തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. പള്‍ഡസര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കും ദിലീപും ഉത്തരവാദിയാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ദിലീപ് കിംഗ് ലയറാണെന്ന തെളിവുകള്‍ വ്യക്തമാക്കിയതോടെ ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. ഇരുപത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ പോലീസ് ചുമത്തിയത്. ഇന്ന് കോടതിയില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന്റെ കാരാഗൃഹവാസം ഉറപ്പാക്കുന്നതാണ്.