ദിലീപിന് വീണ്ടും തിരിച്ചടി: നാലാം തവണയും ജാമ്യമില്ല

single-img
18 September 2017

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നാലാം തവണയും ജാമ്യമില്ല. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ഒറ്റവാക്ക് വിധിയാണ് കോടതി നടത്തിയത്.

ഇത് രണ്ടാം തവണയാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളുന്നത്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണിത്. കൂട്ടബലാത്സംഗമടക്കമുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടികാട്ടി. ദിലീപിനെതിരായ തെളിവുകള്‍ ശക്തമാണെന്നും കോടതി വ്യക്തമാക്കി.

ഇതോടെ ദിലീപിന്റെ ജയില്‍വാസം ഇനിയും നീളും. ആദ്യം അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നു ദിലീപ് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയുടെ കനിവു തേടിയെത്തിയത്.

ജയിലില്‍ 60 ദിവസം പിന്നിട്ടതിനാല്‍ തനിക്ക് സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപ് വാദിച്ചത്. കേസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും നടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

ഈ മാസം 14 നാണ് ദിലീപ് വിചാരണക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യഹര്‍ജിയില്‍ 16 ന് വാദം നടന്നു. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം കേട്ടത്. ദിലീപിന്റെ വാദങ്ങളെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

ചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയത് മാത്രമല്ല ദിലീപിനെതിരായ കുറ്റമെന്നും കുറ്റകൃത്യത്തിന്റെ ഓരോ ഘട്ടത്തിലും ദിലീപ് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസ് ഡയറിയും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ദിലീപിന്റെ വാദങ്ങള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമെന്ന് നിയമവിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റകൃത്യത്തെ ലഘൂകരിക്കുന്ന വാദങ്ങളാണ് ദിലീപ് നടത്തിയതെന്നായിരുന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.