“ക്യാപ്റ്റന്‍ കൂള്‍” ഇന്നലെ കോപാകുലനായി: കളിക്കിടെ കേദാര്‍ ജാദവിനെ ധോണി നോക്കിപ്പേടിപ്പിച്ചത് എന്തിന്?

single-img
18 September 2017

കളിക്കിടെ എത്ര പ്രതിസന്ധി ഘട്ടം വന്നാലും ധോണി കുലുങ്ങാറില്ല. ചിരിച്ചുകൊണ്ട് കൂളായി നേരിടും. അതുകൊണ്ടാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം കിട്ടിയത്. പക്ഷേ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ധോണിയിലെ കോപാകുലനെ ആരാധകര്‍ കണ്ടു. കളിക്കിടെ കേദാര്‍ ജാദവിനെ ധോണി നോക്കിപ്പേടിപ്പിച്ചത് ആരാധകരെയെല്ലാം അദ്ഭുതപ്പെടുത്തി.

https://twitter.com/Cricvids1/status/909356074427236353

22 ാം ഓവറിലായിരുന്നു സംഭവം. മാര്‍കസ് സ്റ്റോണിസ് പന്തെറിയാനെത്തി. കവറിലേക്ക് പന്ത് തട്ടിയിട്ട് ധോണി റണ്ണിനായി ഓടി. മറുവശത്തുണ്ടായിരുന്ന ജാദവ് ധോണിയുടെ വിളി സ്വീകരിച്ച് ക്രീസിന് പുറത്തേക്ക് കുറച്ച് ഓടിയെങ്കിലും പെട്ടെന്നു പാതിവഴിയില്‍ നിന്നു. അപ്പോഴേക്കും ധോണി പകുതിയിലേറെ ഓടി എത്തിയിരുന്നു.

ഇതിനിടെ കവറില്‍ നിന്ന് കാര്‍ട്ട്‌റൈറ്റ് പന്ത് കൈക്കലാക്കി ധോണിയുടെ വിക്കറ്റിളക്കാന്‍ ഡയറക്ട് ത്രോ. എന്നാല്‍ ലക്ഷ്യം തെറ്റിയതു കൊണ്ട് മാത്രം തിരിച്ചോടി ധോണിക്ക് ക്രീസില്‍ സുരക്ഷിതനായി കയറാനായി. ഇതോടെയാണ് നിര്‍ണായക ഘട്ടത്തില്‍ റണ്‍ ഔട്ട് സാധ്യതയുണ്ടാക്കിയതിന് ജാദവിനെ ധോണി നോക്കിപ്പേടിപ്പിച്ചത്.

സാധാരണ നിലയ്ക്ക് ഇതുപോലെയുള്ള സാഹചര്യങ്ങളെ ചിരിയോടെയാണ് ധോണി സ്വീകരിക്കാറുള്ളത്. എന്നാല്‍ ധോണിയെയും സമ്മര്‍ദം ബാധിച്ചതു മൂലമായിരുന്നു ആ രൂക്ഷ നോട്ടം.