നരോദ ഗാം കൂട്ടക്കൊല നടക്കുമ്പോൾ മായാ കോഡ്നാനി നിയമസഭയിലായിരുന്നുവെന്ന് അമിത് ഷാ കോടതിയിൽ

single-img
18 September 2017

ഗുജറാത്തിലെ നരോദ ഗാമിൽ പതിനൊന്നു മുസ്ലീങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ട കലാപം നടക്കുമ്പോൾ മുൻ മന്ത്രിയായിരുന്ന മായാ കോഡ്നാനി അവിടെ ഉണ്ടായിരുന്നില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കോടതിയിൽ. സംഭവം നടന്ന 2002 ഫെബ്രുവരി 28-നു മായാ കോഡ്നാനിയെ താൻ ഗുജറാത്ത് നിയമസഭയിലും സിവിൽ ആശുപത്രിയിലും വെച്ചു കണ്ടുവെന്നും അതുകൊണ്ടുതന്നെ അതേസമയം നരോദാ ഗാമിൽ ഉണ്ടായിരുന്നുവെന്ന ആരോപണം തെറ്റാണു എന്നുമാണു അമിത് ഷാ കോടതിയെ ബോധിപ്പിച്ചത്.

“രാവിലെ 8:30-നു മായാ കോഡ്നാനി നിയമസഭയിൽ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഞാൻ സോളാ സിവിൽ ആശുപത്രിയിലേയ്ക്ക് പോയപ്പോൾ അവരും അവിടേയ്ക്കെത്തിയിരുന്നു.  ഏകദേശം 11:00 am മുതൽ 11:30 am വരെയുള്ള സമയം അവർ സിവിൽ ആശുപത്രിയിൽ ഉണ്ടായിരുന്നു.” അമിത് ഷാ കോടതിയിൽപ്പറഞ്ഞു.

2002-ൽ ഗുജറാത്തിൽ നടന്ന നരോദാ പാട്യാ കൂട്ടക്കൊലയുടെ സൂത്രധാരക എന്നു വിചാരണക്കോടതി വിശേഷിപ്പിച്ച മായാ കോഡ്നാനി ഗുജറാത്ത് മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. നരോദ മുനിസിപ്പാലിറ്റിയിലെ നരോദാ പാട്യാ , നരോദാ ഗാം എന്നീ രണ്ടു കൂട്ടക്കൊലക്കേസുകളിലും പ്രതിയായ മായാ കോഡ്നാനിയെ നരോദാ പാട്യാ കേസിൽ 28 വർഷം തടവിന് കോടതി വിധിച്ചിരുന്നു.

നരോദാ ഗാം കൂട്ടക്കൊലക്കേസിന്റെ വിചാരണയ്ക്കിടെ, താൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്നു വാദിച്ച മായാ കോഡ്നാനി തന്റെ വാദം സ്ഥിരീകരിക്കാൻ അമിത് ഷായ്ക്ക് സാധിക്കുമെന്ന് കോടതിയിൽ മൊഴിനൽകിയതിനെത്തുടർന്നാണു സെഷൻസ് കോടതി അമിത് ഷായെ വിളിച്ചുവരുത്തിയത്.

മായാ കോഡ്നാനിയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങിയാണു അമിത് ഷാ ഇപ്പോൾ അവർക്കനുകൂലമായ പ്രസ്താവന നൽകിയതെന്നാണു ഗുജറാത്തിലെ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഈ പ്രസ്താവന കേസിനെ പ്രതികൂലമായി ബാധിക്കില്ല എന്നുതന്നെയാണു വിശ്വസിക്കുന്നതെന്ന് നരോദാ ഗാമിലെ ആക്രമണത്തിനു വിധേയനായിരുന്ന ഒരു വ്യക്തി ഇ വാർത്തയോട് പറഞ്ഞു.