അബുദാബിയില്‍ വിസാ അപേക്ഷകളില്‍ അപാകത വരുത്തിയാല്‍ പിഴ

single-img
18 September 2017

അബുദാബി: വിസാ അപേക്ഷകളില്‍ അപാകത വരുത്തുന്ന ടൈപ്പിങ് സെന്ററുകള്‍ക്കു പിഴ ഈടാക്കാനുള്ള നടപടിയുമായി അബുദാബി. താമസ കുടിയേറ്റ വകുപ്പാണ് ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുക. ഈയാഴ്ച മുതല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അച്ചടിത്തെറ്റുകള്‍, വിലാസം മാറുക, നല്‍കിയ വിവരങ്ങളില്‍ അവ്യക്തത, അപൂര്‍ണമായ അപേക്ഷകള്‍ സമര്‍പ്പിക്കുക എന്നീ തെറ്റുകള്‍ക്കായിരിക്കും പിഴ ചുമത്തുക. ടൈപ്പിങ് സെന്ററുകള്‍ കൂടുതല്‍ ശ്രദ്ധയോടെ അപേക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ ഇതു വഴി ശ്രമിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം ഇടപാടുകാര്‍ ഫീസ് നല്‍കുന്നതിന് മുന്‍പ് അവരുടെ അപേക്ഷകളിലെ വിവരങ്ങള്‍ കൃത്യവും വ്യക്തവുമാണെന്നു ഉറപ്പു വരുത്തണമെന്ന് താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. പുതിയതും പുതുക്കാനുള്ളതുമായ അപേക്ഷകളെല്ലാം പരിശോധിച്ച ശേഷമായിരിക്കണം വിസാ പ്രക്രിയകള്‍ക്കായി കാര്യാലയങ്ങളിലേക്ക് അയക്കേണ്ടത്.

ടൈപ്പിങ് സെന്റര്‍ വഴി നല്‍കുന്നതും ഇ ചാനല്‍ പ്രയോജനപ്പെടുത്തി അയക്കുന്നതും ഇതേപ്രകാരം പരിശോധിക്കണം. നിരക്കുകള്‍ നല്‍കി അപേക്ഷകള്‍ അയച്ച ശേഷമാണ് അപാകതകള്‍ ശ്രദ്ധയില്‍ പെട്ടതെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ നമ്പറായ 8005000 ല്‍ അറിയിക്കണം. അപേക്ഷകളിലെ അപാകതകള്‍ തിരുത്തി, തിരിച്ചയക്കാന്‍ ഇതുമൂലം സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വിസാ സേവനങ്ങള്‍ക്കുള്ള താമസ കുടിയേറ്റ വകുപ്പിന്റെ സ്മാര്‍ട്ട് സംവിധാനമാണ് ഇ ചാനല്‍സ്. ഇടപാടുകാര്‍ക്ക് സേവന കാര്യാലയങ്ങളില്‍ കയറിയിറങ്ങാതെ തന്നെ അതിവേഗത്തില്‍ വിസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷതയെന്നും താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.