തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാപ്പിഴവ്: രോഗിക്ക് ഗുളിക മാറി നല്‍കിയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു

single-img
17 September 2017

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരമായ ചികിത്സാപ്പിഴവ്. മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് 52 വയസുള്ള രോഗി ഗുരുതരാവസ്ഥയിലായി. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി നഴ്‌സിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടര്‍ന്നാണ് നഴ്‌സിനെ സസ്‌പെന്റ് ചെയ്തത്. സാംക്രമിക രോഗ വിഭാഗത്തില്‍ നാഡീ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വാര്‍ഡ് 24ല്‍ ചികിത്സയിലുള്ള 52കാരനാണ് ഇന്നലെ രാവിലെ 9.30ന് ഗുളിക മാറി നല്‍കിയത്.

ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കുകയും വയറ് കഴുകുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. കൂടുതല്‍ നിരീക്ഷണത്തിനും തുടര്‍ ചികിത്സയ്ക്കുമായി രോഗിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. രോഗി പൂര്‍ണമായും അപകടനില തരണം ചെയ്തിട്ടുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നുവെങ്കിലും സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് അന്വേഷണം നടത്തി നഴ്‌സിനെ അടിയന്തിരമായി സസ്‌പെന്റ് ചെയ്തത്. സംഭവത്തെ കുറിച്ച് ആര്‍.എം.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.