സൗദി അറേബ്യയില്‍ വീണ്ടും ഒരു മാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍

single-img
17 September 2017

സൗദിയില്‍ വീണ്ടും പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നു. ഇന്നലെയാണ് ഒരു മാസം കാലാവധിയുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമലംഘകര്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യംവിടാന്‍ അവസരം നല്‍കുന്നതിനാണ് വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചതെന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലര്‍ അനില്‍ നൗട്ടിയാല്‍ അറിയിച്ചു.

നിയമവിധേയമായല്ലാതെ കഴിയുന്ന ഇന്ത്യക്കാര്‍ ഈയവസരം പ്രയോജനപ്പെടുത്തണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. താമസാനുമതിരേഖയായ ഇഖാമ കാലാവധി കഴിഞ്ഞവര്‍, തീര്‍ഥാടന വിസയിലെത്തി രാജ്യം വിടാത്തവര്‍, സന്ദര്‍ശനവിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് കഴിയുന്നവര്‍, തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍ എന്നിവരെ ഇന്നുമുതല്‍ രാജ്യം വിടാന്‍ അനുവദിക്കും.

കഴിഞ്ഞ പൊതുമാപ്പിനുശേഷവും രാജ്യത്ത് നിയമലംഘകരായ വിദേശികള്‍ ഉണ്ടെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചിരുന്നു. വിരലടയാളം രേഖപ്പെടുത്താതെയും ഇഖാമ പുതുക്കാതെയും കഴിയുന്ന ആറു ലക്ഷം വിദേശികള്‍ സൗദിയില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കഴിഞ്ഞമാസം അവസാനിച്ചിരുന്നു. നിയമലംഘകരില്ലാത്ത രാജ്യം എന്ന പേരില്‍ സംഘടിപ്പിച്ച പ്രചാരണത്തിന്റെ ഭാഗമായി മാര്‍ച്ച് 29ന് സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് ഒരുമാസംകൂടി ദീര്‍ഘിപ്പിച്ചു. കഴിഞ്ഞമാസമാണ് ഇതിന്റെ കാലാവധി അവസാനിച്ചത്.