ഇരുട്ടിന്റെ മറപറ്റിയെത്തുന്ന സൈന്യം പെണ്‍കുട്ടികളെ വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗം ചെയ്യും; പുരുഷന്മാരെ കൊന്നൊടുക്കും: നരകതുല്യം റോഹിങ്ക്യന്‍ ജീവിതം

single-img
17 September 2017

മ്യാന്‍മറിലെ റോഹിങ്ക്യകളുടെ ദുരിതങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. അവര്‍ക്കു സ്വന്തമായി ഒരു സംസ്ഥാനമോ രാജ്യമോ ഇല്ല. മ്യാന്‍മറില്‍ മാത്രം 13 ലക്ഷത്തോളം റോഹിങ്ക്യകള്‍ ഉണ്ടെന്നു കണക്കുകള്‍ പറയുന്നു. ഏഷ്യയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്നവരെക്കൂടി കൂട്ടുകയാണെങ്കില്‍ 15 ലക്ഷത്തോളം വരും അവരുടെ ജനസംഖ്യ. ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട ജനവിഭാഗമാണ് റോഹിങ്ക്യകള്‍ എന്നു പറഞ്ഞത് ഐക്യരാഷ്ട്ര സംഘടനയാണ്.

നിലനില്‍പ്പിനും നിയമപരമായ അവകാശങ്ങള്‍ക്കും വേണ്ടി എന്നും പോരാട്ടത്തിന്റെ പാതയിലാണു റോഹിങ്ക്യകള്‍. അടുത്തിടെയാണ് മ്യാന്‍മാര്‍ സൈന്യം റോഹിങ്ക്യകള്‍ക്കെതിരെ സൈനിക നടപടി തുടങ്ങിയത്. ആരക്കന്‍ റോഹിങ്ക്യനുകള്‍ സാല്‍വേഷന്‍ ആര്‍മി(ആര്‍സ)ക്കെതിരായ നടപടികളുടെ ഭാഗമായാണു മ്യാന്‍മര്‍ സൈന്യം സൈനിക നടപടി തുടങ്ങിയതെങ്കിലും വീടുകള്‍ കൂട്ടമായി കത്തിച്ചും ഗ്രാമീണരെ ഉപദ്രവിച്ചും സൈന്യം മുന്നേറിയതോടെ റോഹിങ്ക്യനുകളുടെ ജീവിതം ദുരിതപൂര്‍ണമായി.

കഴിഞ്ഞ മൂന്നു മാസമായി ദിവസേനയെന്നോണം നേരിടുന്ന ക്രൂരതകളെക്കുറിച്ചാണ് മ്യാന്‍മറില്‍നിന്നു രക്ഷപ്പെട്ട് ഇപ്പോള്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ബഹറിനു പറയാനുള്ളത്. കാലില്‍ പാദരക്ഷകളില്ല. കൊടുംകാട്ടിലൂടെയാണു നടക്കുന്നത്.

പുറത്തുകൂടിയിട്ടിരിക്കുന്ന തുണിത്തൊട്ടിലില്‍ എട്ടുമാസം പ്രായമുള്ള കുട്ടിയുണ്ട്. ഇടയ്ക്കു കുട്ടി വിശന്നുകരഞ്ഞപ്പോള്‍ ബഹര്‍ ചെടികള്‍ പറിച്ച് അതിന്റെ ഇലകള്‍ കൊടുത്തു. വിരജീവികള്‍ മണ്ണില്‍ ഇഴയുന്നതു കണ്ടാല്‍ ബഹര്‍ അവയെ പിടിച്ചുകൊടുക്കും കുട്ടിക്ക്. ദാഹം തോന്നുമ്പോള്‍ ശബ്ദമുണ്ടാക്കി ഒഴുകുന്ന അരുവിയിലെ വെള്ളം കുടിക്കും.

മൂന്നു പകലും രാത്രിയും നടന്നപ്പോള്‍ നഫ് നദി കാണാനായി. യാത്രക്കാരെ നദി കടത്തുന്ന ചെറുവള്ളങ്ങളെന്നു പറയാവുന്ന ബോട്ടുകളും കാണാനായി. ബോട്ടില്‍ കയറാന്‍ ആഞ്ഞപ്പോഴേക്കും ബഹര്‍ വീണുപോയി. മണ്ണില്‍ മുഖമടിച്ചുവീണ് ബഹര്‍ പൊട്ടിക്കരഞ്ഞു. വിശപ്പും ദാഹവും സഹിക്കാനാകാതെ കുട്ടിയും. എങ്ങനെയോ ബോട്ടില്‍ എത്തിപ്പിടിച്ചു കയറി. ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ട്.

ചോര വാര്‍ന്നൊലിക്കുന്നു. അസഹനീയ വേദനയുമുണ്ട്. ബോട്ട് ഓളങ്ങളിലൊഴുകി നീങ്ങുമ്പോള്‍ ബഹര്‍ ക്ഷീണിച്ച കണ്ണുകള്‍ വിടര്‍ത്തി പിന്നോട്ടു നോക്കി; ജനിച്ചുവളര്‍ന്ന മണ്ണിലേക്ക്. മാതൃരാജ്യത്തിലേക്ക്. സഹിക്കാനാവുന്നില്ല വേദന. ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും.

പിന്നില്‍ ഉപേക്ഷിക്കുന്നത് പ്രിയപ്പെട്ട മാതൃരാജ്യം. എങ്ങനെ കരയാതിരിക്കും. സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍, സ്വന്തം നാടു വിട്ടുപോകുമ്പോള്‍ ആശ്വാസമുണ്ട്, ഒപ്പം വേദനയും. ഇതു ബഹറിന്റെ മാത്രം അനുഭവല്ല ലക്ഷക്കണക്കിനു പേരുടേതു കൂടിയാണ്. അവര്‍ റോഹിങ്ക്യകള്‍ എന്നറിയപ്പെടുന്നു.

ലോകത്തിനുമുന്നിലെ ദുരിതക്കാഴ്ചയാണ് ഇപ്പോള്‍ റോഹിങ്ക്യകള്‍. ജനിച്ച നാടും വീടും ഉപേക്ഷിച്ച് അയല്‍രാജ്യത്തിലേക്കു പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട അഭയാര്‍ഥികള്‍. ഇനി കിട്ടാവുന്ന സൗകര്യങ്ങളില്‍ എവിടെയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കണം.

ഏതാനും ആഴ്ചകളായി അവരുടെ വിലാപവും കണ്ണീരും ലോകത്തിന്റെ മനസ്സില്‍ തീ കോരിയിട്ടിരിക്കുന്നു. പ്രമുഖ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയുമൊക്കെ പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്. പക്ഷേ ദുരിതത്തിന്റെ നാളുകള്‍ നീളുന്നു. കഷ്ടപ്പാടിന്റെ ദിനരാത്രങ്ങള്‍ അവസാനമില്ലാതെ തുടരുകയാണ്.

കാരണമില്ലാതെ മര്‍ദ്ദിച്ചാലും അമ്മയെ വിട്ടുപോകാന്‍ കുട്ടിക്കു കഴിയുമോ. കുട്ടിക്ക് അമ്മയോടുള്ള സ്‌നേഹം തന്നെയല്ലേ ഒരാള്‍ക്ക് മാതൃരാജ്യത്തോടും തോന്നുന്നത്. എത്രയൊക്കെ കഷ്ടപ്പാടുകള്‍ ഉണ്ടായാലും മാതൃരാജ്യം ഉപേക്ഷിക്കാന്‍ ആരും ഒന്നു മടിക്കും.

ഞങ്ങളും അങ്ങനെ തന്നെ. പക്ഷേ, എന്തു ചെയ്യാന്‍. ഇരുട്ടിന്റെ മറപറ്റിയെത്തുന്ന സൈന്യം ഓരോരുത്തരെയായി കൊന്നൊടുക്കുമ്പോള്‍ എങ്ങനെ ഓടാതിരിക്കാനാവും. എവിടേക്കെങ്കിലും രക്ഷപ്പെടുക മാത്രമാകും ലക്ഷ്യം. ദുഖവും ക്ഷീണവും തളര്‍ത്തിയ ബഹര്‍ ഇടറുന്ന വാക്കുകളില്‍ തങ്ങളുടെ അവസ്ഥ വിവരിക്കുന്നു.

മൂന്നു മാസമായി ദിവസേനയെന്നോണം നേരിടുന്ന ക്രൂരതകളെക്കുറിച്ചു പറയുമ്പോള്‍ മ്യാന്‍മറില്‍നിന്നു രക്ഷപ്പെട്ട് ഇപ്പോള്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ഹാമിദ ഖതൂം എന്ന യുവതി ഞെട്ടിവിറയ്ക്കുന്നു. രാത്രി സൈനികര്‍ കതകുകളില്‍ മുട്ടും.

സുന്ദരികളായ പെണ്‍കുട്ടികളെയാണ് അവര്‍ നോക്കുന്നത്. കിട്ടിയാല്‍ പുറത്തു കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗം ചെയ്യും. ഭാഗ്യമുണ്ടെങ്കില്‍ പിറ്റേന്ന് വഴിയോരത്ത് പാതി ജീവനോടെ അവര്‍ കാണപ്പെടും. മിക്കവരും പൈശാചികമായി കഴുത്തറുത്ത് കൊല്ലപ്പെടുന്നു.

ആ ഭീകരരാത്രികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഹമിദയുടെ കണ്ണുകളില്‍ ഇപ്പോഴും ഭീതി നിഴലിക്കുന്നു. ഇപ്പോഴും ഞങ്ങള്‍ക്കു വിശപ്പടക്കാനോ ദാഹം മാറ്റാനോ ആവശ്യത്തിനു ഭക്ഷണം കിട്ടുന്നില്ല. പക്ഷേ ജീവനില്‍ പേടിയില്ലാതെ ജീവിക്കാമല്ലോ. ബംഗ്ലാദേശിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഹാമിദ പറയുന്നു.

ഹാമിദയുടെ ഭര്‍ത്താവ് അമിനുള്ള തലനാരിയക്ക് രക്ഷപ്പെടുകയായിരുന്നു. ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ദേഹത്തു തുളഞ്ഞുകയറിയ വെടിയുണ്ട ദിവസങ്ങള്‍ക്കുശേഷം നീക്കം ചെയ്യുകയായിരുന്നു. കാട്ടില്‍ എത്തിയാല്‍ പല വഴി നഫ് നദി ലക്ഷ്യമാക്കി നീങ്ങുന്ന ആയിരക്കണക്കിനു ഗ്രാമീണരെ കാണാം.

ആര്‍ക്കും വഴിയറിയില്ല. എല്ലാവരും നടക്കുന്നു. ബംഗ്ലാദേശ് രൂപയാണു കടത്തുകാരന്‍ ആവശ്യപ്പെടുന്നത്. അതു കൊടുക്കാനില്ലാത്തതിനാല്‍ വിലപിടിപ്പുള്ളതു കൊടുക്കുന്നു. അങ്ങനെ നദി കടന്ന് അയല്‍രാജ്യത്തിലേക്ക്.. സൗകര്യങ്ങളും ആശ്വാസവും അകലെയാണ്. കാത്തിരുപ്പ് നീളുകയാണ്. പക്ഷേ കാത്തിരുപ്പല്ലാതെ മറ്റൊന്നുമില്ല റോഹിങ്ക്യനുകളുടെ ജീവിതത്തില്‍.