യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം: റോഡുകളില്‍ ഗതാഗതക്കുരുക്ക്: കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

single-img
17 September 2017

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി. പലയിടത്തും ഉരുള്‍പൊട്ടി. വ്യാപകകൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി ആനക്കല്ലിലാണ് ഉരുള്‍പൊട്ടിയത്. നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

കിഴക്കന്‍ മേഖലകളിലും ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നു. ഇടുക്കിയിലും മഴക്കെടുതി രൂക്ഷമായിട്ടുണ്ട്. ഹൈറേഞ്ചില്‍ കനത്തമഴ തുടരുകയാണ്. നാല് ദിവസമായി തുടരുന്ന മഴയില്‍ വ്യാപക കൃഷിനാശവും മണ്ണിടിച്ചിലുമുണ്ടായി. രണ്ട് ഹെക്ടറോളം കൃഷിയിടങ്ങളാണ് ഒലിച്ചുപോയത്.

മധ്യകേരളത്തില്‍ കോട്ടയത്തും ആലപ്പുഴയിലും ഉള്‍പ്പെടെ മഴ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊച്ചിയില്‍ ഇന്നലെ രാത്രി പെയ്ത മഴയില്‍ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.

റോഡുകളില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുലാവര്‍ഷ സമാനമായ ഇടിയോടു കൂടിയ മഴയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍, ഇത് ഒരിക്കലും തുലാവര്‍ഷത്തിന്റെ തുടക്കമല്ല. അതിന് ഒക്‌ടോബര്‍ പകുതി വരെ കാത്തിരിക്കണം.

അതിനിടെ മലയോര-തീരമേഖലയിലേക്കു പോകുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി ജില്ലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കനത്ത മഴ രണ്ട് ദിവസംകൂടി തുടരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.