കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

single-img
17 September 2017

പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ ശിപാർശ പരിഗണിച്ചാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്. കേരള യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.

എം ജി സര്‍വകലാശാലടെയും കാലിക്കറ്റ് സര്‍വകലാശാലയുടെയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി അതതു വൈസ് ചാൻസലർമാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

കൂടാതെ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. ഇതിന്റെയും പുതുക്കിയ തിയതി പിന്നീടറയിക്കും.

സംസ്ഥാനത്ത് പരക്കേ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ദുരന്ത നിവാരണ സേന എന്നിവയ്ക്കാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആറ് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റവന്യൂ അഡീ.ചീഫ് സെക്രട്ടറിക്ക് ചുമതല നല്‍കി.

പ്രശ്‌നങ്ങള്‍ റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.

സംസ്ഥാനത്തെങ്ങും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനായി പോകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

ഇന്നലെ രാത്രി ആരംഭിച്ച മഴയില്‍ പലയിടത്തും വന്‍ നാശ നഷ്ടമാണുണ്ടായത്. വയനാട്, കോഴിക്കോട്, ജില്ലകളിലുള്ളവര്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പാലക്കാടുണ്ടായ ഉരുള്‍പൊട്ടലില്‍ മലവെള്ളത്തില്‍ പെട്ട് മൂന്നാം ക്ലാസുകാരി ആതിര മരണപ്പെട്ടു.

അട്ടപ്പാടിയിലെ അനക്കല്ലിലാണ് അപകടമുണ്ടായത്. വ്യാപക നാശനഷ്ടം ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. പലരുടേയും വീടുകള്‍ ഭാഗീകമായി തകര്‍ന്നു. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ നേരം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.

മധ്യകേരളത്തില്‍ കോട്ടയത്തും ആലപ്പുഴയിലും ഉള്‍പ്പെടെ കനത്ത മഴ തുടരുകയാണ്. കടല്‍ ക്ഷോഭമുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ സീസണില്‍ ഏറ്റവുമധികം ശരാശരി മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.