ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ട് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

single-img
17 September 2017

ഗുജറാത്തിലെ നര്‍മ്മദ നദിയില്‍ നിര്‍മ്മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു 1961ല്‍ തറക്കല്ലിട്ട അണക്കെട്ടാണ് മോദി തന്റെ അറുപത്തിഏഴാം ജന്‍മദിനത്തില്‍ രാജ്യത്തിന് സമര്‍പ്പിത്.
ഇന്ത്യയിലെ ഏറ്റവും ഉയരമേറിയതും, ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണ് സര്‍ദാര്‍ സരോവര്‍.

സര്‍ദാര്‍ സരോവര്‍ ഡാം ഗുജറാത്തിന്റെ ജീവനാഡിയാണെന്ന് അണക്കെട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നര്‍മ്മദ ജില്ലയിലെ കേവാദിയയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവര്‍ സംബന്ധിച്ചു.

നര്‍മദാ നദിക്ക് കുറുകെ അണക്കെട്ട് വരുന്നതോടെ 9000 ഗ്രാമങ്ങളിലേക്ക് വെള്ളമെത്തിക്കാനാകും. പാരിസ്ഥിതിക പുനരധിവാസ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തക മേഥാ പാട്കര്‍ സുപ്രീംകോടതിയെ സമീപിച്ചതാണ് പദ്ധതി വൈകാന്‍ കാരണം. മോദി അണക്കെട്ട് ഉദ്ഘാടനം നടത്തുമ്പോള്‍ മേഥാപാട്കറും 36 നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ പ്രവര്‍ത്തകരും രണ്ടാം ഘട്ട ജലസത്യാഗ്രഹത്തിലാണ്. ഡാമിന്റെ ഉയരം 138.68 മീറ്ററാക്കി ഉയര്‍ത്തിയതോടെ മധ്യപ്രദേശിലെ ദാര്‍ ബര്‍വ്വാനി ജില്ലകളിലായി 177 ഗ്രാമങ്ങള്‍ ഭാഗികമായി വെള്ളത്തിനടിയിലാകും.

ഗുജറാത്തില്‍ നര്‍മദാനദിയില്‍ നവഗാമിനു സമീപമാണ് അണക്കെട്ട്. അണക്കെട്ടിന്റെ ഇപ്പോഴത്തെ ഉയരം 138 മീറ്റര്‍. നേരത്തേ ഇതു 121.92 മീറ്ററായിരുന്നു. നിലവില്‍ 40.73 ലക്ഷം ക്യുബിക് മീറ്റര്‍ സംഭരണശേഷി. അണക്കെട്ടിന്റെ നീളം 1.2 കിലോമീറ്റര്‍. 30 ഷട്ടറുകള്‍; ഓരോന്നിനും 450 ടണ്‍ ഭാരം. ഒരു മണിക്കൂര്‍ എടുക്കും ഷട്ടര്‍ പൂര്‍ണമായി തുറക്കാന്‍.

യഥാക്രമം 1200 മെഗാവാട്ട്, 250 മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പാദനശേഷിയുള്ള രണ്ടു വൈദ്യുത നിലയങ്ങളാണ് അണക്കെട്ടിന്റെ ഭാഗമായുള്ളത്. ഇവിടെ ഇതിനകം 4141 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചുകഴിഞ്ഞു. അണക്കെട്ടില്‍നിന്ന് ഇതിനകം 16,000 കോടിയിലേറെ രൂപയുടെ വരുമാനം നേടിയതായാണു സര്‍ക്കാര്‍ കണക്ക. നിര്‍മാണത്തിനു ചെലവായ പണത്തിന്റെ ഇരട്ടി. യുഎസിലെ ഗ്രാന്‍ഡ് കൂളി ഡാം ആണു ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്.