കാൻസറിനെ കുറിച്ച് കൂടുതലായറിയൂ…

single-img
17 September 2017

ഡോ. സഞ്ജു സിറിയക്

1.കാന്‍സര്‍- ഇനി ജീവനോ മരണമോ? രക്ഷപ്പെടാന്‍ സാധ്യത ഉണ്ടോ?

ഏതു കാന്‍സര്‍ രോഗിയും അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ്. ‘കാന്‍സര്‍= മരണം’ എന്ന ചിന്താഗതി തന്നെ മാറണം. ചെറിയ മുഴകളുമായി കാണാന്‍ വരുന്ന ചില സ്തനാര്‍ബുദ രോഗികളെ കാണുമ്പോള്‍ സങ്കടം വരും. അവരുടെ ലോകം അവസാനിച്ചു എന്ന തോന്നലാണ് പലര്‍ക്കും. ഏതു കാന്‍സറിനും അതു കണ്ടു പിടിക്കുന്ന സമയത്തുള്ള രോഗ വ്യാപ്തിയാണ് പ്രധാനം. പരിപൂര്‍ണമായ സൗഖ്യത്തിനുള്ള സാധ്യത അതനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്നാല്‍ മനസിലാക്കുക, ഏതു കാന്‍സറിനും ഇന്ന് ദൈവകൃപയാല്‍ ചികിത്സയുണ്ട്.

2. എന്തു കൊണ്ട് എനിക്ക് കാന്‍സര്‍ വന്നു?

ഈ ചേദ്യത്തിന് ചില സന്ദര്‍ഭങ്ങളില്‍ വ്യക്തമായ ഉത്തരമുണ്ടാകും. ഉദാഹരണം, പുകവലിക്കുന്ന ഒരു രോഗിക്ക് ശ്വാസകോശാര്‍ബുദം അല്ലെങ്കില്‍ തൊണ്ടയിലെ കാന്‍സര്‍ വന്നു. മറ്റൊരു ഉദാഹരണം, സ്ഥിര മദ്യപാനിയായ ഒരു മധ്യവയസ്‌കന് കരളിലെ അര്‍ബുദം വന്നു. എന്നാല്‍ മിക്ക സന്ദര്‍ഭങ്ങളിലും വ്യക്തമായ ഉത്തരമുണ്ടാവില്ല. എങ്കിലും കാന്‍സറിന് കാരണമായേക്കാവുന്ന എന്തെങ്കിലും സ്വന്തം ജീവിതത്തില്‍ ഉണ്ടായിരുന്നുവോ എന്ന് എല്ലാ കാന്‍സര്‍ രോഗികളും വിചിന്തനം നടത്തുന്നത് ഉചിതമായിരിക്കും. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അത് ഉപകരിക്കും. പലപ്പോഴും എന്തു കൊണ്ട് ഞാന്‍? എന്ന ചോദ്യത്തിന് പ്രസക്തിയില്ല. വന്ന അസുഖത്തിനായി എനിക്ക് എന്തു ചെയ്യാനാവും എന്ന് ചിന്തിക്കുക.

3. ഏതൊക്കെ വിധത്തിലുള്ള കാന്‍സറാണ് ഉള്ളത് ?

കാന്‍സറിനെ പ്രധാനമായും രണ്ടായി തിരിക്കാം. രക്തസംബന്ധപ്പെട്ട കാന്‍സറും അല്ലാത്തവയും. ശരീരത്തിലെ ഏത് അവയവത്തെയും കാന്‍സര്‍ ബാധിക്കാം. ഓരോ അവയവത്തിന്റെയും കാന്‍സറും അതിന്റെ ചികിത്സാ തലങ്ങളിലാവട്ടെ, രോഗ ലക്ഷണങ്ങളിലാവട്ടെ, വ്യത്യസ്തമായിരിക്കും.

4. കാന്‍സറിന് മരുന്നുണ്ടോ ?

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ഒരു പ്രചരണമായിരുന്നു കാന്‍സറിനു മരുന്നില്ല എന്നത്. ദുഷ്ടലാക്കോടെയുള്ള ഇത്തരം കുപ്രചരണങ്ങള്‍ പലരെയും തെറ്റായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച രാസവസ്തുക്കളാണ് ഇന്നത്തെ കീമോ മരുന്നുകള്‍ എന്ന് പറയുന്നത് വിഡ്ഡിത്തരമാണ്. ചികിത്സാമുന്നേറ്റങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുള്ള ഒരു അസുഖമാണ് ഇന്ന് കാന്‍സര്‍. എല്ലാവരെയും സൗഖ്യപ്പെടുത്തുന്ന തലത്തിലേയ്ക്ക് എത്തിപ്പെട്ടിട്ടില്ലായെങ്കിലും പ്രതീഷകള്‍ ഒരുപാടുണ്ട്. മറിച്ചുള്ള പ്രചാരണം മരുന്നുകള്‍ മൂലം കാന്‍സര്‍ രോഗത്തെ അതിജീവിച്ച ലക്ഷക്കണക്കിന് കുട്ടികളെയും മുതിര്‍ന്നവരേയും അപമാനിക്കുന്നതിനു തുല്യമാണ്.

5. കാന്‍സറിന് മികച്ച ചികിത്സാ സൗകര്യങ്ങള്‍ എവിടെയാണ് ഉള്ളത് ?

കാന്‍സര്‍ ചികിത്സ ഒരിക്കലും വ്യക്തി കേന്ദീകൃതമാവരുത്. ഒരുപാട് പേരുടെ ബുദ്ധിയും കഴിവുകളും ഇതിന് ആവശ്യമാണ്. ഒരോ രോഗിക്കും ഉചിതമായത് തെരഞ്ഞെടുക്കണം. മെഡിക്കല്‍, സര്‍ജിക്കല്‍, റേഡിയേഷന്‍ ചികിത്സകള്‍ സംയോജിപ്പിച്ചു വേണം പലപ്പോഴും ചികിത്സിക്കാന്‍. നഴ്‌സിങ്ങ്, പതോളജി, റേഡിയോളജി അതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ രോഗിക്ക് സ്വാന്തന ചികിത്സ മതിയാവും. അങ്ങനെയെങ്കില്‍ വീടിനടുത്തുള്ള കാന്‍സര്‍ ചികിത്സ കേന്ദ്രം തെരഞ്ഞെടുക്കുക. യാത്രകള്‍ പലപ്പോഴും രോഗിക്ക് ബുദ്ധിമുട്ടാണ് എന്ന് മനസിലാക്കുക.

6. കാന്‍സര്‍ ചികിത്സക്കുള്ള ചിലവ് എത്രയാണ് ?

വര്‍ദ്ധിച്ചു വരുന്ന ചികിത്സാ ചെലവുകള്‍ ഒരു കാന്‍സര്‍ രോഗിക്ക് അധിക ബാധിതയാണ്. മുന്‍പ് സൂചിപ്പിച്ച പോലെ വിവിധ ചികിത്സാ രീതികള്‍ സംയോജിപ്പിക്കേണ്ടി വരുന്നതു മൂലം ചികിത്സാ ചെലവുകള്‍ ഏറുന്നു. ചികിത്സയുടെ ഉദ്ദേശ്യം പൂര്‍ണ സൗഖ്യമാണോ? അതോ, സ്വാന്തന ചികിത്സയാണോ? എന്ന് രോഗിയും ബന്ധുക്കളും ആദ്യമേ മനസ്സിലാക്കണം. പൂര്‍ണ സൗഖ്യമാണ് ലക്ഷ്യമെങ്കില്‍ ആ രോഗിക്ക് വേണ്ടി വരുന്ന ചെലവ് വഹിക്കുന്നത് അര്‍ത്ഥവത്താണ്. എന്നാല്‍ ചികിത്സയുടെ ഉദ്ദേശ്യം പൂര്‍ണസൗഖ്യമല്ല എങ്കില്‍ ചികിത്സ കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍, അതിനു വരുന്ന ചെലവുകള്‍, വിവിധ രീതിയിലുള്ള ചികിത്സകള്‍ ഇവയെല്ലാം ഡോക്ടറുമായി സംസാരിച്ച ശോഷം അനുയോജ്യമായത് തെരഞ്ഞെടുക്കുക. ഉദാഹരണത്തിന് ലക്ഷകണക്കിന് രൂപ മുടക്കിയാല്‍ ആ രോഗി കുറച്ച് മാസം കൂടി ജീവിച്ചേക്കാം. എന്നാല്‍ അതിനുള്ള സാമ്പത്തിക ശേഷിയില്ലെങ്കില്‍ അതിനു പോകരുത്. എല്ലാ കാന്‍സറിനും ഓര്‍ക്കുക, ഒന്നിലധികം മരുന്നുകള്‍ ഉണ്ട്.

7. കാന്‍സറിന്റെ രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

(A) വിട്ടുമാറാത്ത ചുമ
(B) വിശപ്പില്ലായ്മ
(C) അകാരണമായി മെലിയുക
(D) മലം രക്തം കലര്‍ന്ന് പോകുക
(E) മലം കറുത്ത് പോകുക
(F) ശബ്ദത്തിന്റെ പതറിച്ച
(G) സ്തനങ്ങളിലെ മുഴ
(H) കഴുത്തിലെ മുഴ
(I) വിട്ടുമാറാത്ത പനി
(J) തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ
(K) ആര്‍ത്തവ വിരാമത്തിനു ശേഷം രക്തസ്രാവം
(L) വെള്ള പോക്ക്
(M) വയറ് വീക്കം
മേൽ പറഞ്ഞത് ചില രോഗലക്ഷണങ്ങള്‍ ആണ്.

8. കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ട മികച്ച ഉപദേശം ആര് തരും ?

ആരു തന്നാലും ‘ഗൂഗിള്‍’ തരില്ല എന്ന് മനസിലാക്കുക. ഒരുപാട് സംശയങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു വന്നേക്കാം. ഡോക്ടറോട് ചോദിച്ച് അവ ദൂരീകരിക്കുക. ഒരിക്കലും മറ്റു രോഗികളോടോ ബന്ധുക്കളോടോ ചോദിക്കരുത്. ഒരാളുടെ അനുഭവം കേട്ട് നിസ്സാരമായ രോഗങ്ങള്‍ക്ക് ചികിത്സ വേണ്ട എന്ന് പറയുന്നത് വിഡ്ഡിത്തരമാവും.

9. സാമ്പത്തികമായ സഹായം ലഭിക്കുന്ന സ്ഥലങ്ങള്‍ ഉണ്ടോ ?

ചികിത്സാ ചെലവുകള്‍ മൂലം സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്ക് ഒരുപാട് പേര്‍ പോകുന്നുണ്ട്. കാരുണ്യ പോലുള്ള നല്ല ചികിത്സാ പദ്ധതികള്‍ നിലവിലുണ്ട്. ചികിത്സ വികേന്ദ്രീകൃതമാവണം. കാസര്‍കോട്ടു നിന്ന് തിരുവനന്തപുരം വരെ ചികിത്സയ്ക്കായി യാത്ര ചെയ്യേണ്ടി വരുന്നത് കഷ്ടമാണ്. കൂടുതല്‍ മികവുള്ള കേന്ദ്രങ്ങളും ചികിത്സാ സഹായങ്ങളും വരട്ടെ. തമിഴ് നാട്ടിലെയും കര്‍ണാടകയിലെയും പോലെ സ്വകാര്യ സ്ഥാപനങ്ങളിലും മികച്ച ചികിത്സാ സഹായ പദ്ധതികള്‍ വരണം.

10. കാന്‍സര്‍ ഉണ്ടോ എങ്ങനെ കണ്ടെത്താനാവും ?

കാന്‍സര്‍ നിര്‍ണയം വളരെ ദുഷ്‌കരമാണ്. എല്ലാ കാന്‍സറും ആരംഭത്തില്‍ തന്നെ കണ്ടു പിടിക്കാനാവില്ല. രോഗനിര്‍ണയത്തിനായി വിശദമായ പരിശോധനകള്‍ വേണ്ടി വരും. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാത്ത ആരോഗ്യവാനായ ഒരാള്‍ക്ക് കാന്‍സര്‍ ഉണ്ടോ എന്ന് കണ്ടുപിടിക്കുക ശ്രമകരമായ ഒന്നാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അതിന് അനുസൃതമായി പരിശോധനകള്‍ നടത്താവുന്നതാണ്. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് രോഗനിര്‍ണയം നിര്‍ബന്ധമാണ്. ബയോപ്‌സി എടുക്കുന്നതു മൂലം കാന്‍സര്‍ ആണെന്ന് സംശയിക്കപ്പെടുന്ന ചില മുഴകള്‍ പരിശോധനകളില്‍ ക്ഷയരോഗമാണ് എന്ന് സ്ഥിതീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വമല്ല.

11. കാന്‍സറിനെ എങ്ങനെ നേരിടാം? മുന്‍കരുതലുകള്‍ എന്തൊക്കെ ആണ് ?

ശാരീരികമായും മാനസികമായും നമ്മെ തളര്‍ത്തിക്കളയും കാന്‍സര്‍ എന്ന രോഗം. മുന്‍ വിധികള്‍ പാടില്ല. രോഗത്തെ പറ്റി വിശദമായി ഡോക്ടറോട് ചോദിച്ച് മനസിലാക്കുക. മിക്ക അസുഖങ്ങള്‍ക്കും ദീര്‍ഘക്കാലത്തെ ചികിത്സ ആവശ്യമാണ്. ആ പഴം കഴിക്കുക, ഈ ഇല കഴിക്കുക, ആ വെള്ളം കുടിക്കൂ, തുടങ്ങിയ ഉപദേശങ്ങള്‍ നല്ല മനസോടെ തിരസ്‌കരിക്കുക. ചികിത്സ തീര്‍ന്ന ശേഷം ഡോക്ടര്‍ നിര്‍ദേശിക്കുന്ന സമയങ്ങളില്‍ പരിശോധനയ്ക്കായി പോകണം. ചികിത്സയുടെ പാര്‍ശ്വ ഫലങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും നിമുക്തി നേടാന്‍ കുറച്ചു സമയമെടുത്തേക്കാം.

12. ഒരിക്കല്‍ കാന്‍സര്‍ വന്നു രോഗമുക്തി പ്രാപിച്ച ആള്‍ ജീവിതത്തില്‍ പിന്നീട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ?

ജീവിതശൈലിയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടു വരണം. ഒരു രണ്ടാം ജന്മമായ് തന്നെ കരുതാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും രാവിലെ നടക്കാന്‍ പോകണം. സ്തനാര്‍ബുദ രോഗികള്‍ പ്രത്യേകിച്ചും വണ്ണം കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യമുള്ള ഒരു ഭക്ഷണ ശൈലിയിലേക്ക് മാറണം. പ്രത്യേകിച്ച് വര്‍ജ്യമായ ഒരു ആഹാരവുമില്ല. ചുവന്ന മാംസാഹാരം ആഴ്ചയില്‍ ഒന്നായി നിയന്ത്രിക്കുക. പഴം, പച്ചക്കറി കൂടുതലായി ഉള്‍പ്പെടുത്തുക. പുകവലി ശീലക്കാര്‍, മദ്യപാനികള്‍ പൂര്‍ണ്ണമായും ആ ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. പ്രമേഹ രോഗികള്‍ പ്രമേഹം നിയന്ത്രണത്തിലാക്കുക. അനാവശ്യ പരിശോധനകള്‍ക്കായി ഡോക്ടറെ നിര്‍ബന്ധിക്കരുത്. തുടര്‍ച്ചയായി മരുന്നുകള്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടെങ്കില്‍ മുടക്കം വരുത്തരുത്. ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഡോക്ടറെ ഉടന്‍ കാണിക്കുക.

13. കാന്‍സര്‍ പകരുന്ന രോഗമാണോ ?

ഒരിക്കലുമല്ല. ആയിരുന്നുവെങ്കില്‍ ഇതെഴുതാന്‍ ഡോക്ടര്‍ ഉണ്ടാകുമായിരുന്നില്ല. കാന്‍സറിനെ പറ്റിയുള്ള മിഥ്യാധാരണകള്‍ എളുപ്പത്തില്‍ പടരും. ആയതിനാല്‍ അത് മറ്റുള്ളവരിലേക്ക് പടരാതിരിരിക്കുവാന്‍ ശ്രദ്ധിക്കുക.

14. കാന്‍സര്‍ രോഗിക്ക് വേദന കൂടാതെ അന്ത്യം സാധ്യമാണോ ?

കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരുടെ എണ്ണം അനുദിനം കൂടുന്നതിനാല്‍ മിക്കവരും മറ്റു കാരണങ്ങള്‍ മൂലമാണ് മരണപ്പെടുന്നത്. കാന്‍സര്‍ രോഗി മരിക്കുന്നത് വേദനയോടു കൂടിയാണ് എന്ന് പറയുന്നത് തെറ്റാണ്. വേദന കാന്‍സര്‍ രോഗത്തിന്റെ ഒരു ലക്ഷണം മാത്രമാണ്. അത് എല്ലാവര്‍ക്കും ഉണ്ടാവണമെന്നുമില്ല. വേദന സംഹാരികള്‍ ഒരുപാട് ഇന്ന് നിലവിലുണ്ട്. അതില്‍ ഏറ്റവും ശക്തമായ ഒന്നാണ് മോര്‍ഫിന്‍. പണ്ടത്തെ കാലത്ത് മോര്‍ഫിന്‍ കൊടുത്തു എന്ന് പറഞ്ഞാല്‍ മരിക്കാന്‍ സമയമായി എന്നായിരുന്നു അര്‍ത്ഥം. ഇന്ന് മോര്‍ഫിന്‍ പലപ്പോഴും രോഗനിര്‍ണയ സമയത്ത് തന്നെ കൊടുക്കാറുണ്ട്. രോഗിക്ക് അസുഖത്തിന്റെ ഭാഗമായി മറ്റു അസ്വസ്ഥതകള്‍ വരാം. ഉദാഹരണത്തിന് ശ്വാസം മുട്ടല്‍, വിളര്‍ച്ച തുടങ്ങിയ. എന്തായാലും വേദന ശമിപ്പിക്കുവാന്‍ ഇന്ന് മരുന്നുകള്‍ ലഭ്യമാണ്.

ഡോ. സഞ്ജു സിറിയക്  (സീനിയര്‍ കണ്‍സള്‍ട്ടന്റ്, ആലുവ രാജഗിരി ആശുപത്രി ഓങ്കോളജി വിഭാഗം)