നാദിര്‍ഷയെ 5 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു: ദിലീപിനെ പുറത്തിറക്കാതിരിക്കാന്‍ ഇത് ധാരാളമെന്ന വിലയിരുത്തലില്‍ പോലീസ്

single-img
17 September 2017

നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ മൂന്ന് മണിയോടെയാണ് പൂര്‍ത്തിയായത്. ആലുവ പൊലീസ് ക്ലബില്‍ രാവിലെ 10.15ന് എത്തിയ നാദിര്‍ഷായെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണു ചോദ്യം ചെയ്യല്‍ തുടങ്ങിയത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് അന്വേഷണസംഘം നാദിര്‍ഷായില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്.

താനും ദിലീപും കേസില്‍ നിരപരാധികളാണെന്ന് ആലുവ പോലീസ് ക്ലബില്‍ നിന്ന് പുറത്തുവന്ന നാദിര്‍ ഷാ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള കാര്യങ്ങള്‍ പോലീസിനു മുമ്പാകെ അറിയിച്ചിട്ടുണ്ട്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ തനിക്ക് പോലീസിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടില്ല.

സമ്മര്‍ദ്ദമുണ്ടാകുമെന്ന ചില സൂചന ലഭിച്ചപ്പോള്‍ ആശങ്കയുണ്ടായിരുന്നു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയെ അറിയിക്കുമെന്നും നാദിര്‍ ഷാ പറഞ്ഞു. തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നും അത് താന്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായും നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

പള്‍സര്‍ സുനിക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ നിന്ന് തനിക്ക് വന്ന ഫോണുകള്‍ പള്‍സര്‍ സുനിയുടെതാണെന്ന് തനിക്ക് അറിയാമായിരുന്നില്ല.

പിന്നീട് സുനില്‍ ആണെന്ന് പേര് പറഞ്ഞപ്പോഴാണ് ആളെ മനസ്സിലായത്. ഇക്കാര്യം ദിലീപിനെ അറിയിച്ചിരുന്നു. സുനില്‍ വിളിച്ചത് താന്‍ ദിലീപിന്റെ നിര്‍ദേശപ്രകാരം പിന്നീട് റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്നും നാദിര്‍ ഷാ പറഞ്ഞു. അറസ്റ്റ് ചെയ്യാത്തതും പ്രതിചേര്‍ക്കാത്തതും താന്‍ നിരപരാധിയാണെന്ന് പൊലീസിന് ബോധ്യമുള്ളതിനാലെന്നും നാദിര്‍ഷ പ്രതികരിച്ചു.

അതേസമയം തെളിവുകള്‍ സത്യം പറയുമെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ നാദിര്‍ഷ പ്രതിയായേക്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുന്‍പ് ദിലീപിനൊപ്പം നാദിര്‍ഷായെയും 13 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.

അന്ന് നാദിര്‍ ഷാ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ഉണ്ടായതോടെയാണ് നാദിര്‍ ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ ചോദ്യം ചെയ്യലിന് കഴിഞ്ഞദിവസം നാദിര്‍ഷ ഹാജരായിരുന്നെങ്കിലും, രക്തസമ്മര്‍ദ്ദം കൂടുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് നാദിര്‍ഷ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു.

അതിനിടെ കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയും, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌റ്റ്രേറ്റ് കോടതിയും നാളെ വിധി പറയും. കൂടാതെ കാവ്യമാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി നാളെ പരിഗണിക്കുന്നുണ്ട്.