‘ധൈര്യം സംഭരിച്ച്’ ചോദ്യങ്ങള്‍ നേരിടാന്‍ നാദിര്‍ഷ ആലുവ പോലീസ് ക്ലബിലെത്തി

single-img
17 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായി. കൃത്യം പത്തുമണിക്ക് തന്നെ ആലുവ പോലീസ് ക്ലബിലാണ് നാദിര്‍ഷ ഹാജരായത്. നാദിര്‍ഷയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐയുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. നാദിര്‍ഷ നേരത്തെ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായി ചോദിച്ചറിയും. ശാസ്ത്രീയ തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.

ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം പണം നല്‍കിയതായി പള്‍സര്‍ സുനിയുടെ മൊഴി സംബന്ധിച്ചും വിശദീകരണം തേടും. ആദ്യവട്ട ചോദ്യം ചെയ്യലിന് ശേഷമുള്ള നാദിര്‍ഷയുടെ കൂടിക്കാഴ്ചകളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. ലഭിക്കുന്ന വിവരങ്ങള്‍ തിങ്കളാഴ്ച മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ധരിപ്പിക്കും. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്

ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നാദിര്‍ഷ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. എന്നാല്‍ രക്തസമ്മര്‍ദം ഏറുകയും പ്രമേഹം കുറയുകയും ചെയ്തതോടെ ചോദ്യം ചെയ്യല്‍ പോലീസ് ഒഴിവാക്കുകയായിരുന്നു.