പിന്തുണതേടിയുള്ള പ്രധാനമന്ത്രിയുടെ കത്തിന് മോഹന്‍ലാലിന്റെ കിടിലന്‍ മറുപടി

single-img
17 September 2017

സ്വച്ഛ് ഭാരത് പദ്ധതിയില്‍ ചേരാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തിന് മറുപടിയുമായി നടന്‍ മോഹന്‍ലാല്‍. സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണയ്ക്കുന്നു. രാജ്യത്തിന്റെ ശുചിത്വ നിര്‍മ്മാണത്തിനായി സ്വയം സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഉത്തരവാദിത്വമുള്ള പൗരന്മാരെന്ന നിലയില്‍ നാം എല്ലാവരും രാജ്യത്തെയോര്‍ത്ത് അഭിമാനിക്കണം. ഈ രാജ്യമാണ് നമ്മുടെ വീടെന്നും ഈ വീടാണ് നമ്മുടെ സ്വത്വമെന്നും തിരിച്ചറിയണം. അതുകൊണ്ട് നമ്മുടെ വീട് ശുചിയായി സൂക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണ്.

ഇത് നമ്മുടെ വീട് സന്ദര്‍ശിക്കുന്ന അതിഥികളെയും ആനന്ദിപ്പിക്കും. നമ്മുടെ വീട് മലിനമാക്കില്ലെന്നും വൃത്തിയായി സൂക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കാന്‍ രാഷ്ട്രപിതാവിന്റെ ജന്മ ദിനത്തോളം സവിശേഷമായ മറ്റൊരു ദിനമില്ല. അങ്ങിനെ ചെയ്യുകയാണെങ്കില്‍ ഈ ദീപാവലിയില്‍ നമ്മുടെ വീട് മറ്റ് ഏത് വര്‍ഷത്തേക്കാളും തെളിമയോടെ പ്രകാശിക്കും.

ഞാന്‍ സ്വഛ് ഭാരതിന് പിന്തുണയേകുന്നു. സ്വയം സമര്‍പ്പിക്കുന്നു. നമ്മുക്ക് ഒരു പുതിയ ഇന്ത്യ പടുത്തുയര്‍ത്താം. ജയ് ഹിന്ദ്. എന്ന് മോഹന്‍ലാല്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഗാന്ധിജയന്തിയോടനുബന്ധിച്ച് നടക്കുന്ന ‘സ്വച്ഛത ഹി സേവ’ പ്രസ്ഥാനത്തിന് പിന്തുണയറിയിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി കത്തയച്ചത്.

മഹാത്മാഗാന്ധിയുടെ ഹൃദയത്തോടു ചേര്‍ന്നു നിന്നിരുന്ന ‘സ്വച്ഛതാ’ പദ്ധതിയുമായി ബന്ധപ്പെട്ടാണ് താന്‍ ഇതെഴുതുന്നതെന്ന വാക്കുകളോടെയാണ് കത്തിന്റെ തുടക്കം. വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയിലൂടെ മാത്രമേ രാജ്യത്തിന് വൃത്തി സാധ്യമാകൂവെന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. ഓരോരുത്തരും അതില്‍ പങ്കാളിയാകണം.

ഇക്കാര്യം മനസ്സില്‍ വച്ചുകൊണ്ട് ശുചിത്വവിഷയത്തില്‍ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്ത ബോധം പുതുക്കേണ്ടതുണ്ട്. ‘ശുചിത്വം സേവനമാണ്’ എന്ന വാക്കുകള്‍ മനസിലോര്‍ത്തു കൊണ്ടായിരിക്കണം വരുംനാളുകളിലെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഗാന്ധിജയന്തി വരെ രാജ്യമൊട്ടുക്ക് പ്രചാരണ പരിപാടികള്‍ നടത്താനാണു തീരുമാനം.

സ്വച്ഛഭാരത് പദ്ധതിയില്‍ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേരെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കാനുമാകും. ഈ സാഹചര്യത്തിലാണ് ലാലിനെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇതിനു വേണ്ടി അല്‍പസമയം ചെലവഴിക്കാന്‍ തയാറാകണമെന്നും മോദി ആവശ്യപ്പെടുന്നു. നരേന്ദ്രമോദി മൊബൈല്‍ ആപ്പിലൂടെ ലാലിന്റെ പ്രതികരണവും തന്നെ അറിയിക്കാമെന്ന് കത്തില്‍ മോദി പറയുന്നു.

സിനിമയെന്നത് ആളുകളെ വളരെയധികം സ്വാധീനിക്കുന്ന മാദ്ധ്യമമാണ്. താങ്കളുടെ പങ്കാളിത്തം നിരവധിയാളുകള്‍ക്ക് പ്രചോദനം നല്‍കാന്‍ സഹായകമാകും. അതിനാല്‍ താങ്കള്‍ സ്വച്ഛത ഹി സേവ പ്രസ്ഥാനത്തില്‍ പങ്കാളിയാവണമെന്നും പ്രധാനമന്ത്രി തന്റെ കത്തില്‍ പറയുന്നു.