അച്ഛനും അമ്മയും അടികൂടി ഇറങ്ങിപ്പോയി: വീടിനുള്ളില്‍ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

single-img
17 September 2017

മാതാപിതാക്കളുടെ കലഹത്തില്‍ ഒന്നരവയസുകാരിയുടെ ജീവന്‍ നഷ്ടമായി. ജയ്പൂരിലെ ബന്‍സ്വരാ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ വഴക്കുണ്ടാകുകയും പിന്നീട് കുട്ടിയുടെ അമ്മ സ്വന്തം വീട്ടിലേക്ക് പോവുകയുമായിരുന്നു. ഇതിനു പിന്നാലെ കുട്ടിയെ വീട്ടിനുള്ളിലാക്കി അച്ഛനും വീടു പൂട്ടി പുറത്തുപോയി.

പിന്നീട് ഇരുവരും ഈ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയില്ല. അടുത്ത ദിവസം വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത അംഗന്‍വാടിയിലെ അധ്യാപികയാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് വന്നു നോക്കിയപ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നു.

പൊലീസ് എത്തി മരണം സ്ഥിരീകരിച്ചതിനുശേഷമാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. ഇതിനുശേഷമാണ് മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.