സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു: പരീക്ഷകൾ മാറ്റി

single-img
17 September 2017

പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ ശിപാർശ പരിഗണിച്ചാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്. കേരള യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.

എം ജി സര്‍വകലാശാലടെയും കാലിക്കറ്റ് സര്‍വകലാശാലയുടെയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി അതതു വൈസ് ചാൻസലർമാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

കൂടാതെ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. ഇതിന്റെയും പുതുക്കിയ തിയതി പിന്നീടറയിക്കും.

അതേസമയം ശക്തമായ മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുന്നതു തുടരുകയാണ്. മൂന്നു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 124.7 അടിയായി. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 1135 ഘനയടിയാണ്. ഇടുക്കി കല്ലാര്‍കുട്ടി, മലങ്കര, പാംബ്ല അണക്കെട്ടുകള്‍ തുറന്നു.

നെയ്യാര്‍ഡാമും തുറന്നു. ആറ്റിലേക്കുള്ള നാലു ഷട്ടറുകള്‍ മൂന്ന് ഇഞ്ച് വീതമാണ് തുറന്നത്. പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാറിന്റെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു. പേപ്പാറ ഡാമില്‍ ഏതു സമയത്തും ഷട്ടര്‍ തുറന്ന് വിടാന്‍ സാധ്യതയുണ്ട്. കരമനയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇടുക്കിയില്‍ മലങ്കര ഡാമും തുറന്നു. നീരൊഴുക്ക് ശക്തമായതോടെ പൊന്മുടി അണക്കെട്ട് സംഭരണ ശേഷിയുടെ പരമാവധിയിലെത്തി. ഏത് നിമിഷവും അണക്കെട്ട് തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

പാലക്കാട്ട് വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറയിലാണ് സംഭവം. മൂന്നാം ക്ലാസുകാരി ആതിരയാണ് മരിച്ചത്. വീടിനു സമീപത്ത് കക്കൂസിനായി നിര്‍മിച്ച കുഴിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം നിറഞ്ഞിരുന്നു. ഈ വെള്ളത്തില്‍ വീണാണ് കുട്ടി മരിച്ചത്.

പാലക്കാട് മുക്കാലിക്കും മണ്ണാര്‍ക്കാടിനും ഇടയില്‍ 15 ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പുലര്‍ച്ചെ ആനക്കല്ലില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ നാലു വീടുകള്‍ തകര്‍ന്നിരുന്നു. ഈ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അടിയന്തരസാഹചര്യം നേരിടാന്‍ പാലക്കാട് കളക്ട്രേറ്റിലും മണ്ണാര്‍ക്കാടും കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.

കോട്ടയത്തും മഴ ശക്തമാണ്. ചിങ്ങവനത്ത് മഴയില്‍ റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതേത്തുടര്‍ന്ന് കോട്ടയം ചങ്ങനാശേരി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പിന്നീട് മണ്ണ് മാറ്റി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.