പുറത്തിറങ്ങാനൊരുങ്ങി ദിലീപ്: അകത്താകാതിരിക്കാന്‍ കാവ്യയും നാദിര്‍ഷയും: കോടതിയുടെ തീരുമാനം ഇന്നറിയാം

single-img
17 September 2017

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് ഏഴ് മാസം തികയുമ്പോള്‍ കേസില്‍ ഇന്ന് നിര്‍ണായക ദിവസം. കേസില്‍ മൂന്ന് ജാമ്യാപേക്ഷകളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും സംശയത്തിന്റെ മറവില്‍ നില്‍ക്കുന്ന താരങ്ങളായ കാവ്യ മാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുമാണ് വിധി പറയുക.

മൂന്ന് ജാമ്യാപേക്ഷകള്‍ തള്ളിയശേഷം നാലാം തവണ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയിലുള്ള വിധിയാണ് തിങ്കളാഴ്ച കോടതി പറയുക. നേരത്തെ രണ്ട് വട്ടം ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ദിലീപ് വീണ്ടും ജാമ്യത്തിനായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. രഹസ്യ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍ നടന്നത്. കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്.

നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്ന് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടുവെന്ന് മാത്രമാണ് പൊലീസ് കേസെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചത്. 60 ദിവസങ്ങളിലധികമായി ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ നടന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ എടുത്തു നല്‍കണം എന്നതിനപ്പുറം എങ്ങനെയെല്ലാം ആക്രമണം നടത്തണം എന്ന രീതിയില്‍ ദിലീപ് സുനിക്ക് നിര്‍ദേശം നല്‍കിയെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ദിലീപ് പുറത്തിറങ്ങുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇന്നത്തെ കോടതി വിധി ദിലീപിന് പ്രതികൂലമാകാനാണ് സാധ്യത.

അതേസമയം നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ ഇന്നു തന്നെയാണ് പരിഗണിക്കുന്നത്. ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം നാദിര്‍ഷയെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനോട് നാദിര്‍ഷ പൂര്‍ണമായും സഹകരിച്ചുവെന്നാണ് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറയുന്നത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴിയും ഇപ്പോള്‍ നല്‍കിയ മൊഴിയും ഇനി പോലീസ് വിശദമായി പരിശോധിക്കും. രണ്ട് മൊഴികളും വിശദമായി പരിശോധിച്ച ശേഷം മാത്രമേ നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ക്കണമോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കുകയുള്ളൂ.

നാദിര്‍ഷയില്‍ നിന്നും അറിയേണ്ട കാര്യങ്ങളിലെല്ലാം അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. നടിയെ ആക്രമിച്ച കേസില്‍ താനും ദിലീപും നിരപരാധികളാണ് എന്ന് നാദിര്‍ഷ പോലീസിനോട് ആവര്‍ത്തിച്ചു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന വാദത്തിലും നാദിര്‍ഷ ഉറച്ച് നിന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. എന്നാല്‍ സുനി ജയിലില്‍ നിന്നും നാദിര്‍ഷയെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ സഹിതം പോലീസ് ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതോടെ തന്നെ പള്‍സര്‍ സുനി വിളിച്ചുവെന്ന കാര്യം നാദിര്‍ഷ അന്വേഷണ സംഘത്തോട് സമ്മതിച്ചു എന്നാണ് അറിയുന്നത്.

ഫോണ്‍ വിളിച്ചത് പള്‍സര്‍ സുനിയാണ് എന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ് നാദിര്‍ഷ പറയുന്നത്. വിളിച്ചത് നടിയുടെ കേസിലെ പ്രതിയായ ആളാണ് എന്ന് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നാണ് നാദിര്‍ഷയുടെ വാദം.പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയെക്കുറിച്ച് താന്‍ ദിലീപിനോട് പറഞ്ഞിരുന്നുവെന്നും നാദിര്‍ഷ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് പറഞ്ഞത് പ്രകാരമാണ് സുനിയുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് എന്നും നാദിര്‍ഷ മൊഴി നല്‍കിയതായി വിവരങ്ങളുണ്ട്.

അതിനിടെ കാവ്യ മാധവന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗമിക്കും. വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ കേസിലെ പ്രധാന പ്രതിയായ സുനില്‍ കുമാര്‍ എത്തിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് ഭയന്ന് കാവ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്തെ പ്രബലരായ ചെറിയൊരു വിഭാഗവും ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസെന്നും കാവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നാദിര്‍ഷായെ ചോദ്യം ചെയ്ത സാഹര്യത്തില്‍ കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടിതി വിധി എന്തായിരിക്കുമെന്നത് നിര്‍ണായകമാണ്.

എല്ലാവരുടെയും കാര്യത്തില്‍ ഇന്ന് വിധി പറയുമ്പോള്‍ എന്താണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കമെന്ന് വ്യക്തമല്ല. കടുത്ത ചില നിര്‍ണായക നീക്കങ്ങള്‍ക്ക് അവര്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.