“അന്‍സിബ ഹിന്ദുവിനെ കെട്ടിയേ…”: സൈബര്‍ ആക്രമണത്തിനെതിരെ ഉശിരന്‍ മറുപടിയുമായി അന്‍സിബ ഹസന്‍

single-img
17 September 2017

കൊച്ചി: സിനിമയില്‍ വന്ന കാലം മുതല്‍ ഒരു വിഭാഗത്തിന്റെ ആക്രമണത്തിന് ഇരയാകുന്ന നടിയാണ് അന്‍സിബ ഹസന്‍. ഇപ്പോള്‍ ഒരു വിവാഹ ഫോട്ടോയുടെ പേരിലാണ് നടി സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമണത്തിനിരയായത്. ഒരു സിനിമയിലെ ചിത്രത്തിനൊപ്പം നടി അന്‍സിബ ഹിന്ദു മതാചാരപ്രകാരം വിവാഹിതയായി എന്ന വ്യാജ വാര്‍ത്തയാണ് ഇറക്കിയിരിക്കുന്നത്.

സംഭവം നടി അറിഞ്ഞു വന്നപ്പോഴേയ്ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമണം തുടങ്ങിയിരുന്നു. മുസ്ലീമായ അന്‍സിബ ഹിന്ദുവിനെ വിവാഹം കഴിച്ചതിലായിരുന്നു എതിര്‍പ്പ്. നടിക്കെതിരെ രൂക്ഷ വിമര്‍ശനവും, വ്യക്തിഹത്യയും നടന്നു. നിരവധിപ്പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.

ആക്രമണം കൂടിയപ്പോള്‍ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. പോസ്റ്റ് ഇട്ട ഷൈജു സുകുമാരന്‍ എന്ന വ്യക്തിയെ പേരെടുത്ത് പരാമര്‍ശിച്ചാണ് അന്‍സിബയുടെ മറുപടി. ഷൈജു സുകുമാരന്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച ‘ലൗ മേറ്റ്‌സ്’ എന്ന ഹ്രസ്വചിത്രത്തിലെ ഫോട്ടോ വെച്ച് നിങ്ങള്‍ക്ക് എങ്ങനെയാണ് ഞാന്‍ വിവാഹിതയായി എന്ന് പോസ്റ്റിടാന്‍ കഴിഞ്ഞത്.

ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ലെന്നറിയിക്കുന്നു. എന്നെ അപമാനിച്ചു എന്നതിനേക്കാള്‍ ഇതൊരു ഹിന്ദുമുസ്ലീം പ്രശ്‌നമായി വളരുന്നത് കണ്ടപ്പോഴാണ് പ്രതികരിച്ചതെന്നും താരം പറഞ്ഞു.

ദൃശ്യം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയ അന്‍സിബ ധാരളം തമിഴ്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തട്ടമിടാതെ അഭിനയിച്ചതിനും ഗ്ലാമറസായി അഭിനയിച്ചതിനും മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടിയാണ് അന്‍സിബ.