ഭീകരര്‍ ഒരിക്കലും ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍

single-img
16 September 2017

ഭീകരര്‍ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍. ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളും ഭീകരര്‍ നല്‍കിയിരുന്നു. ഒരു ഘട്ടത്തിലും ഭയപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യെമനില്‍ ഭീകരരുടെ താവളത്തില്‍നിന്ന് 18 മാസത്തെ തടവിനു ശേഷം വത്തിക്കാനില്‍ എത്തിയ ടോം ഉഴുന്നാലില്‍, സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തട്ടിക്കൊണ്ടു പോയവര്‍ അറബിക്കാണു സംസാരിച്ചിരുന്നത്. അതിനാല്‍ ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു. ഭീകരര്‍ പല സ്ഥലങ്ങളിലും കൊണ്ടുപോയത് കണ്ണുകെട്ടിയാണ്. ഒന്നരവര്‍ഷവും ഒരേ വസ്ത്രമാണു ധരിച്ചത്. തടവിനിടെ പ്രാര്‍ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്.

അള്‍ത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. തടവിനിടെ താന്‍ കൊല്ലപ്പെടുമെന്ന് ഒരിക്കല്‍പോലും ചിന്തിച്ചിരുന്നില്ലെന്നും ഉഴുന്നാലില്‍ പറഞ്ഞു. ഒന്നര വര്‍ഷമായി യെമനില്‍ ഐഎസ് ഭീകരരുടെ തടവിലായിരുന്ന ഫാ. ടോം ഉഴുന്നാലിനെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്.