ക്ഷേത്ര നടയില്‍ വച്ച് യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി: സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

single-img
16 September 2017

യു.പിയിലെ മഥുരക്കടുത്ത് ക്ഷേത്ര നടയില്‍ വച്ച് വിശ്വാസിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. ബര്‍സാനയിലെ ശ്രിജി ക്ഷേത്രത്തിനകത്ത് സെപ്റ്റംബര്‍ 11ന് രാത്രിയിലാണ് സംഭവം. ക്ഷേത്രത്തിന്റെ ബാല്‍ക്കണിയില്‍ ഉറങ്ങുകയായിരുന്ന യുവതിയെ കാവല്‍ക്കാരനും പാചകക്കാരനും ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവം നടന്നതിന് തൊട്ടുപിന്നാലെ തന്നെ യുവതി ബര്‍സാനാ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും വിവരം പറയുകയും ചെയ്തു. ഭാഷാ പ്രശ്‌നം കാരണം ശരിയായി ആശയവിനിമയം നടത്താന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് ഒരു ദ്വിഭാഷിയെ ഇടപെടുത്തി പോലീസ് വിവരം റെക്കോഡ് ചെയ്തു.

യുവതിയെ വൈദ്യപരിശോധന നടത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായി ബര്‍സാന പൊലീസ് സുപ്രണ്ട് ആദിത്യകുമാര്‍ ശുക്‌ള പറഞ്ഞു. കേസില്‍ ക്ഷേത്രം കാവല്‍ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ പാചകക്കാരനെ പോലീസ് തെരയുകയാണ്.

സംഭവത്തിന്റെ ക്ഷേത്രത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. ക്ഷേത്രത്തിലെ വിശ്വാസികളാണ് ആരോരുമില്ലാത്ത ഈ 45 കാരിയെ പരിചരിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഇവരുടെ ഭര്‍ത്താവും ഏക മകനും മരിച്ചിരുന്നു. പ്രതികളെ ക്ഷേത്രം ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.