സൗദിയില്‍ ഒരു വനിതയുള്‍പ്പെടെ നാല് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി

single-img
16 September 2017

സൗദി അറേബ്യയില്‍ ഒരു വനിത ഉള്‍പ്പെടെ നാല് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം. സ്വദേശി വനിതയെ കുത്തി കൊലപ്പെടുത്തിയ എതോപ്യക്കാരിക്കും മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതികളായ മൂന്ന് യമന്‍ പൗരന്‍മാര്‍ക്കുമാണ് ശിക്ഷ നടപ്പിലാക്കിയത്.

സൗദി യുവതി ഹുസ്സ ബിന്‍ത് അബ്ദുല്ല ബിന്‍ ഫാലിഹ് അല്‍ദോസരിയെ കൊലപ്പെടുത്തിയ കേസില്‍ വീട്ടുവേലക്കാരിയായ എതോപ്യക്കാരി ബുര്‍ഹാനി തസ്ഫാനിയുടെ വധശിക്ഷ റിയാദിലാണ് നടപ്പിലാക്കിയത്. വിദേശത്ത് നിന്നു ഹഷീഷ് സൗദിയിലേക്ക് കടത്തിയ കേസിലെ പ്രതികളായ ഇബ്രാഹിം അലി സഈദ് അബ്ബാസ്, മുഹമ്മദ് അലി യഹ്യ സാലിം, അലി മുഹമ്മദ് അബ്ദുല്ല ഹസന്‍ എന്നീ യമന്‍ പൗരന്‍മാര്‍ക്കാണ് അസീര്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയത്.

പ്രതികള്‍ക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും നേരത്തെ ശരിവെച്ചിരുന്നു. ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കയതോടെയാണ് ശിക്ഷ നടപ്പിലാക്കിയതെന്നും സൗദി അധികൃതര്‍ അറിയിച്ചു.