റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ തിരിച്ചയയ്ക്കരുതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

single-img
16 September 2017

റോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. റോഹിങ്ക്യന്‍ മുസ്‌ലിങ്ങളുടേത് മാനുഷിക വിഷയമാണ്. ഇവരെ തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കേന്ദ്ര നിലപാടിനെതിരെ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.

റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ തിരികെ മ്യാന്മറിലേയ്ക്ക് കയറ്റി അയയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വര്‍ഷങ്ങളായി രാജ്യത്ത് താമസിച്ചുവരികയാണ്. തിരിച്ച് നാട്ടിലെത്തിച്ചാല്‍ ജീവാപായം വരെ ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ഇവര്‍. ഇന്ത്യ അഭയാര്‍ത്ഥികളുടെ നാടാണ്. നൂറ്റാണ്ടുകളായി നിരവധി ആളുകളാണ് രാജ്യത്ത് അഭയം തേടിയത്.

ഇതിപ്പോഴും തുടരുകയാണ്. റോഹിങ്ക്യന്‍ വിഷയത്തില്‍ മാനുഷിക പരിഗണന കൂടി കണക്കിലെടുത്ത് പ്രായോഗിക സമീപനമാണ് കൈക്കൊള്ളേണ്ടതെന്നും നോട്ടീസില്‍ സൂചിപ്പിക്കുന്നു. നേരത്തെ, റോഹിങ്ക്യകളെ തിരിച്ചയയ്ക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

എന്നാല്‍, വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റി. കോടതിയില്‍ നല്‍കിയത് അന്തിമ സത്യവാങ്മൂലമല്ലെന്നും യഥാര്‍ത്ഥ സത്യവാങ്മൂലം തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞിരുന്നു. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ 18ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ഇന്നലെ പറഞ്ഞിരുന്നു.