വര്‍ഗീയതയെ ചെറുക്കാന്‍ എല്ലാവരുമായും സഖ്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി: ‘ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് നയമല്ല’

single-img
16 September 2017

രാജ്യത്ത് സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം കോഴിക്കോട്ട് സംഘടിപ്പിച്ച വര്‍ഗീയ ഫാസിസത്തിനെതിരായ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകള്‍ മതനിരപേക്ഷതയ്ക്ക് എതിരാണ്. ഇവയെ ശക്തമായി എതിര്‍ത്താല്‍ മാത്രമേ മതനിരപേക്ഷത ശക്തിപ്പെടുത്താനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ എല്ലാവരുടെയും യോജിപ്പ് പ്രധാനമാണ്.

ഇക്കാര്യത്തില്‍ സംഘടിപ്പിക്കാവുന്ന എല്ലാവരേയും ഒന്നിപ്പിച്ചുകൊണ്ടുവരണം. എന്നാല്‍ രാഷ്ട്രീയമായ കൂട്ടുകെട്ട് നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം. കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. അതിനാല്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് നയമല്ല.

കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ചില നീക്കങ്ങള്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും നടന്നെങ്കിലും ഫലമുണ്ടായില്ല. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ടി തോറ്റു. ബീഹാറിലെ മഹാസഖ്യത്തില്‍ നിന്നും പ്രധാന പാര്‍ടിയിലെ ഒരു വിഭാഗം ബിജെപി പാളയത്തിലെത്തി.

വര്‍ഗീയതക്കും ആഗോളവല്‍ക്കണനയങ്ങള്‍ക്കുമെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. സംഘപരിവാര്‍ ആശയങ്ങള്‍ക്കതിരെ രാജ്യത്താകെ വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനില്‍പ്പ് നടത്തുന്നത് ഇടതുപക്ഷമാണ്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ പങ്ക് പ്രധാനമാണ്.

അതിന്റെ പേരില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഓഫീസുകളും ആക്രമിക്കപ്പെടുന്നു. ബംഗാളില്‍ ഇടതുപക്ഷം ശക്തമായിരുന്നപ്പോള്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്ലായിരുന്നു. ഇപ്പോള്‍ ബംഗാള്‍ വീണ്ടും കലാപ കലുഷിതമാകുന്നുവെന്നാണ് അവിടെനിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലിപ്പോള്‍ ശാന്തമായ അന്തരീക്ഷമാണ്. എന്നാല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ നടക്കുന്നു. പലയിടത്തുമുള്ള അക്രമങ്ങള്‍ അതിന്റെ ഭാഗമാണ്. കുഴപ്പങ്ങളുണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിനെതിരെ ജാഗ്രതവേണമെന്നും അദ്ദേഹം വ്യക്തമാക്കി.