‘പശു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ‘കാള’ പുറത്തിറക്കി

single-img
16 September 2017

എം.ഡി സുകുമാരന്‍ ചിത്രം ‘പശു’വിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയുടെ പേര് പോലെത്തന്നെ പ്രദര്‍ശനവും വ്യത്യസ്തമായിരുന്നു. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി പശു കേന്ദ്ര കഥാപാത്രമായ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത് കാളയാണ്.

കാശി എന്നുപേരുള്ള കാളയെ അണിയറപ്രവര്‍ത്തകര്‍ ഇതിനായി കൊണ്ടുവരികയായിരുന്നു. സിനിമാലോകത്തെ അത്യപൂര്‍വ്വ നിമിഷത്തിനാണ് പശുവിന്റെ പോസ്റ്റര്‍ പ്രകാശനം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ആര്‍.എല്‍.വി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഒക്ടോബറില്‍ തീയേറ്ററുകളില്‍ എത്തും.

ഏബ്രഹാം മാത്യുവിന്റെ കഥയ്ക്ക് സംവിധായകനും കഥാകൃത്തും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് ചിത്രം റിലീസിന് തയാറെടുക്കുന്നത്. ഒരു പശു മനുഷ്യനിലുണര്‍ത്തുന്ന കൊടുങ്കാറ്റാണ് ചിത്രത്തിന്റെ പ്രമേയം.

പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹത്തിന്റെ ജീവന്‍ തുടിക്കുന്ന കഥ പറയുന്ന ചിത്രത്തില്‍ നന്ദു, കലാശാല ബാബു, റോയ് മലമാക്കല്‍, ഉണ്ണി ചിറ്റൂര്‍, അനിയപ്പന്‍, രവീന്ദ്രന്‍, പ്രീതി, നിഷ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സാലു ജോര്‍ജ് ഛായാഗ്രാഹണവും പി.സി.മോഹനന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

കോട്ടയം ജില്ലയുടെ മലയോര മേഖലയായ മുണ്ടക്കയം, പുലിക്കുന്ന്, കൂട്ടിക്കല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എല്‍.ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.