അറസ്റ്റ് ചെയ്യുമെന്ന പേടിയില്‍ കാവ്യാ മാധവന്‍: ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

single-img
16 September 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. കാവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ ഹൈക്കോടതിയില്‍ നല്‍കുമെന്നാണ് സൂചന. കേസില്‍ തന്നെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം നടത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് കാവ്യയുടെ നടപടി. ദിലീപിന്റൈ അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേനയാണ് കാവ്യയും ഹര്‍ജി സമര്‍പ്പിക്കുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് കാവ്യ കഴിഞ്ഞ ദിവസം അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കേസന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്.

കേസില്‍ സംശയത്തിന്റെ മുനയില്‍ നില്‍ക്കുകയാണ് തുടക്കം മുതല്‍ കാവ്യ. കേസില്‍ നേരത്തേ അന്വേഷണസംഘം കാവ്യയുടെ മൊഴിയെടുത്തിരുന്നു. അന്ന് പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നല്‍കിയത്. ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കാവ്യയുടെ വില്ലയിലും വസ്ത്രവ്യാപാരകേന്ദ്രത്തിലും സുനിയെത്തിയിരുന്നതിന് തെളിവു ലഭിച്ചിരുന്നു.

കേസില്‍ താന്‍ പറഞ്ഞ മാഡം കാവ്യാമാധവനാണെന്ന് പള്‍സര്‍ സുനി വ്യക്തമാക്കുകയും ലക്ഷ്യയില്‍ സുനിയെത്തിയതായുള്ള ചില സൂചനകളും പോലീസിന് കിട്ടിയിരുന്നു. സുനി സ്ഥാപനത്തിലെത്തിയെന്ന് അവിടുത്തെ തന്നെ ഒരു ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മാത്രവുമല്ല, ലക്ഷ്യയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിപ്പിക്കപ്പെട്ടതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള ദിവസങ്ങളിലെ രജിസ്റ്ററാണ് കാണാതായിരിക്കുന്നത്. അതിനാല്‍ത്തന്നെ കാവ്യ എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നെന്ന സംശയം പൊലീസിനുണ്ട്.

കേസില്‍ സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന സംവിധായകന്‍ നാദിര്‍ഷ കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിരുന്നെങ്കിലും ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. നാദിര്‍ഷയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് രാവിലെ തന്നെ നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധനാണെന്ന് നാദിര്‍ഷ അറിയിച്ചെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇനി ചോദ്യം ചെയ്താല്‍ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.