തമിഴ് രാഷ്ട്രീയം പിടിച്ചടക്കാന്‍ രജനീകാന്തും കമല്‍ഹാസനും കൈകോര്‍ക്കുന്നു

single-img
16 September 2017

ചെന്നൈ: സൂപ്പര്‍താരം രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ താനും കൂടെയുണ്ടാകുമെന്ന് കമല്‍ഹാസന്‍. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകളും ചൂടു പിടിക്കുന്നതിനിടെയാണ് രജനിക്കൊപ്പം ചേരാന്‍ വിമുഖതയില്ലെന്ന് കമല്‍ വ്യക്തമാക്കിയത്.

എ.എന്‍.ഐ ന്യൂസ് ഏജന്‍സിയോടാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. ‘ഞാന്‍ രാഷ്ട്രീയത്തില്‍ രജനികാന്തിനൊപ്പം പ്രവര്‍ത്തിക്കുമൊയെന്ന് ചോദ്യങ്ങളുയരുന്നു. രജനി രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തോടൊപ്പം കൈകോര്‍ക്കാന്‍ ഞാനുണ്ടാകും’ കമല്‍ വ്യക്തമാക്കി.

താന്‍ എടുത്തു ചാടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല എന്നും കമല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. തമിഴ് രാഷ്ട്രീയത്തില്‍ തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണെന്നാണ് വിലയിരുത്തല്‍.

സെപ്തംബര്‍ അവസാനത്തോടെ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ കമല്‍ഹാസന്‍ നീക്കം ആരംഭിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ കമലിന്റെ പാര്‍ട്ടി മത്സരിക്കും. അതേസമയം രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് രജനികാന്ത് ഇതുവരെ വ്യക്തമായ സൂചന നല്‍കിയിട്ടില്ല.

കമലും രജനിയും ഏറ്റവുമൊടുവില്‍ പങ്കിട്ട പൊതു വേദി ഡി എം കെയുടെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിനാണ്. ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റ് സ്റ്റാലിനൊപ്പം കമല്‍ വേദി പങ്കിട്ടപ്പോള്‍ രജനി സദസ്സിലായിരുന്നു ഇരുന്നത്.