‘ആള്‍ദൈവ’ത്തിനെതിരെയുളള കൊലപാതക കേസുകള്‍ സിബിഐ കോടതി ഇന്ന് പരിഗണിക്കും: വന്‍ സുരക്ഷ

single-img
16 September 2017

പഞ്ചാബ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിനെതിരായ രണ്ട് കൊലപാതക കേസുകളില്‍ ഇന്ന് പഞ്ചകുല സി.ബി.ഐ കോടതിയില്‍ വാദം തുടങ്ങും. 2002 ല്‍ നടന്ന സംഭവത്തിന്റെ വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ പഞ്ചകുല നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതി, ദേര ആശ്രമത്തിലെ മാനേജരായിരുന്ന രഞ്ജിത് സിംഗ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കേസ്. കോടതിയുടെ പരിസരപ്രദേശങ്ങളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദേര സച്ചയുടെ അനുയായികള്‍ പ്രദേശത്ത് സംഘടിച്ചിരിക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

എന്നാല്‍ അനുയായിയെ പീഡിപ്പിച്ച കേസില്‍ കോടതി വിധി പറഞ്ഞ ദിവസം ലക്ഷക്കണക്കിന് ആളുകളാണ് സംഘടിച്ചത്. ഇത് മുന്‍ നിര്‍ത്തിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് ഹരിയാന പൊലീസ് മേധാവി ബിഎസ് സന്ദു പറഞ്ഞു. അതേസമയം രാം റഹീമിനെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണഫറന്‍സിംഗ് വഴി വിചാരണ നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

റോഹ്താക്കിലെ സുനാരിയ ജില്ലാ ജയിലിലാണ് രാംറഹീം കിടക്കുന്നത്. 2002 ല്‍ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഓഗസ്റ്റ് 25 നാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടര്‍ന്ന് 28 ന് അദ്ദേഹത്തിന് രണ്ട് കേസുകളിലായി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

ദേരാ തലവന് ശിക്ഷ വിധിച്ചത് പഞ്ചകുലയിലും സിര്‍സയിലും വലിയ അക്രമത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. 38 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. 264 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലും പഞ്ചാബിലും ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായി.