“നടിയെ എങ്ങനെയൊക്കെ ആക്രമിക്കണമെന്ന് ദിലീപ് സുനിക്ക് നിര്‍ദേശം നല്‍കി”: ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

single-img
16 September 2017

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന രഹസ്യ വാദം പൂര്‍ത്തിയായി. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍ നടന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന് രാവിലെ ഹാജരാകാന്‍ അസൗകര്യമുള്ളതിനാലാണ് ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം കോടതി പരിഗണിച്ചത്.

കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്.

നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്ന് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടുവെന്ന് മാത്രമാണ് പൊലീസ് കേസെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചത്. മറ്റ് ആക്ഷേപങ്ങള്‍ക്കൊന്നും തെളിവ് നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.

60 ദിവസങ്ങളിലധികമായി ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ നടന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു.

ചിത്രങ്ങള്‍ എടുത്തു നല്‍കണം എന്നതിനപ്പുറം എങ്ങനെയെല്ലാം ആക്രമണം നടത്തണം എന്ന രീതിയില്‍ ദിലീപ് സുനിക്ക് നിര്‍ദേശം നല്‍കിയെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ദിലീപ് പുറത്തിറങ്ങുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി.

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന നാദിര്‍ഷയെ ചോദ്യം ചെയ്യാനാകാത്ത കാര്യവും അന്വേഷണസംഘം കോടതിയെ അറിയിച്ചു. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ദിലീപ് നാലാം തവണയാണു ജാമ്യാപേക്ഷയുമായി കോടതിയില്‍ എത്തുന്നത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടര്‍ന്നാണ് ദിലീപ് വീണ്ടും കീഴ്‌ക്കോടതിയെ സമീപിച്ചത്.

അതിനിടെ കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. അടിന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന കാവ്യയുടെ ആവശ്യം തള്ളിയാണ് കേസ് കേള്‍ക്കുന്നത് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്.

കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ അറസ്റ്റ് സാധ്യത മുന്നില്‍കണ്ടാണ് കാവ്യയുടെ നീക്കം. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടും കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമം നടത്തുകയാണ്. അന്വേഷണത്തിന്റെ പേരില്‍ പൊലീസ് തന്നെ നിരന്തരം വിളിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കാവ്യ ചൂണ്ടിക്കാട്ടി.

കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ദിലീപിന്റെ ഡ്രൈവറാക്കി അവതരിപ്പിക്കാന്‍ കഴിയാത്തതിനാല്‍ തന്റെ ഡ്രൈവറാക്കി മാറ്റി അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുകയാണ്. തന്നെ അറസ്റ്റ് ചെയ്യാനായി കേസില്‍ ഇല്ലാത്ത ഒരു മാഡത്തെ സൃഷ്ടിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

നടന്‍ ദിലീപിനെതിരെ അന്വേഷണ സംഘം നിലപാട് കടുപ്പിച്ചാല്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതിനിടെ, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, കേസ് അന്വേഷിക്കുന്ന സംഘം ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തിയെന്നും വിവരമുണ്ട്.

ദിലീപ് അറസ്റ്റിലായതു മുതല്‍ കാവ്യയും സംശയനിഴലിലുണ്ട്. മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളാണ് കാവ്യയെ കുരുക്കിയത്. എല്ലാത്തിനും പിന്നില്‍ ‘മാഡം’ എന്നൊരാളുണ്ടെന്ന് പല തവണ ആവര്‍ത്തിച്ച സുനില്‍, ഒടുവില്‍ തന്റെ മാഡം കാവ്യാ മാധവനാണെന്ന് തുറന്നുപറഞ്ഞു.

കാക്കനാട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തില്‍ സുനില്‍ എത്തിയിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ നിര്‍ണായക അറസ്റ്റുണ്ടാകുമെന്ന് അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ക്യാവ്യ പങ്കെടുത്ത ചടങ്ങുകളിലും പള്‍സര്‍ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതില്‍ പൊലീസിന് സംശയം ഉണ്ട്. നടി ആക്രമിക്കപ്പെട്ടതിനും മുമ്പും അതിനുശേഷമുള്ള സന്ദര്‍ശക രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്.

രജിസ്റ്റര്‍ മനഃപൂര്‍വ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ കുറിച്ചെന്നായിരുന്നു പള്‍സറിന്റെ മൊഴി.

കാവ്യയുമായുള്ള പള്‍സറിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. ഈ തെളിവുകള്‍ നശിച്ചിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റു ചെയ്യാന്‍ സാധ്യത കൂടുതലുണ്ടെന്ന് വ്യക്തമായത്.