സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ദിലീപ്: അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കുമോ?

single-img
16 September 2017

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാവിലെ 11നാണ് കോടതി നടപടികള്‍ തുടങ്ങുക. നഗ്‌നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റം മാത്രമാണ് തനിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും അറസ്റ്റിലായി 60 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

നാലാം തവണയാണു ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയില്‍ എത്തുന്നത്. നേരത്തെ ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിട്ടുണ്ട്. തുടര്‍ന്നാണ് ദിലീപ് വീണ്ടും കീഴ്‌ക്കോടതിയെ സമീപിക്കുന്നത്.

എന്നാല്‍ കേസില്‍ അന്വേഷണം തുടരുന്നതിനാലും നിര്‍ണായകമായ അറസ്റ്റുകള്‍ ശേഷിക്കുന്നതിനാലും ജാമ്യം നല്‍കരുതെന്നാകും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിക്കുന്നത്. ഇതിനിടെ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധിയും ഇന്ന് അവസാനിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് നടപടികളിലൂടെ റിമാന്റ് 14 ദിവസത്തേക്കുകൂടി ദീര്‍ഘിപ്പിക്കും.