ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് കണ്ണന്താനം: വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരല്ല; ഇവരില്‍ നിന്നും പണംപിരിച്ച് പാവങ്ങള്‍ക്ക് നല്‍കാനാണ് മോദി ശ്രമിക്കുന്നത്

single-img
16 September 2017

രാജ്യത്ത് ദിനംതോറും ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരല്ല. പെട്രോള്‍ ഉപയോഗിക്കുന്നത് അതിനുള്ള കഴിവുണ്ടായിട്ടാണ്. വിലവര്‍ധന മനഃപൂര്‍വമുള്ള നടപടിയാണെന്നും കണ്ണന്താനം പറഞ്ഞു.

ഇന്ധനവില വര്‍ധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. പണക്കാരില്‍ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണു മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴില്‍ ഇവ ഉറപ്പു വരുത്താനാണു ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപ ആവശ്യമാണ്.

പെട്രോളിയം വില വര്‍ധന ഉള്‍പ്പടെയുള്ളവയില്‍നിന്നു കിട്ടുന്ന പണം ഇതിനായാണു സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാല്‍ പെട്രോളിയം, മദ്യം ഇവ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുന്നതു പരിഗണിക്കും. രാജ്യത്തു വിലക്കയറ്റം നാല് ശതമാനം മാത്രമാണ്. ഇത് റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ളതിനേക്കാള്‍ അര ശതമാനം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ടൂറിസം ഐടി മേഖലകളുടെ വികസനത്തിന് വേഗതയില്ല. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് ഐടി മേഖലയില്‍ മുന്‍പന്തിയിലായിരുന്ന കേരളം ഇന്ന് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

നിരവധി ടൂറിസം പദ്ധതികള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. അനേകം പദ്ധതികള്‍ നടപ്പാക്കാനും ഉദ്ദേശ്യമുണ്ട്. എന്നാല്‍ നിലവില്‍ അനുവദിക്കപ്പെട്ടവ പെട്ടെന്നു പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വീണ്ടും പണം അനുവദിക്കാനാകൂ. ഇക്കാര്യം മുഖ്യമന്ത്രിയോടു ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.