യുഎന്‍ ഉപരോധത്തെ തള്ളി ഉത്തരകൊറിയ: ഭീഷണിക്ക് പിന്നാലെ ജപ്പാന് മുകളിലൂടെ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

single-img
15 September 2017

സോള്‍: ജപ്പാനും യുഎസിനും ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഇന്ന് പുലര്‍ച്ചെ പ്യോന്‍ഗ്യാങ്ങില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാന് മുകളിലൂടെ കടന്നു പോയതായാണ് വിവരം. കഴിഞ്ഞ മാസം അവസാനവും ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.

ഉത്തര പ്യോന്‍ഗ്യാങ്ങിലെ സുനാന്‍ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ നിന്നും ഉയര്‍ന്ന മിസൈല്‍ ജപ്പാന്റെ ഉപരിതലത്തിലൂടെ സഞ്ചരിച്ച് പസഫിക്ക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു. 17 നിമിഷങ്ങള്‍ കൊണ്ട് 1,200 മൈലുകളാണ് മിസൈല്‍ സഞ്ചരിച്ചത്. മിസൈല്‍ പറന്നയുടന്‍തന്നെ ജപ്പാനില്‍ ഉച്ചഭാഷിണിയിലൂടെയും സന്ദേശങ്ങള്‍ വഴിയും ജനങ്ങള്‍ സുരക്ഷിതരാകണമെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആണവായുധമുപയോഗിച്ച് ജപ്പാന്റെ ദ്വീപ്‌സമൂഹങ്ങളെ കടലില്‍ മുക്കുകയാണ് വേണ്ടതെന്നും തങ്ങളുടെ സമീപത്ത് ഇനി ഇങ്ങനെയൊരു രാജ്യം ആവശ്യമില്ലയെന്നും, അമേരിക്കയെ ചാരമാക്കി മാറ്റുമെന്നും ഉത്തരകൊറിയ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടന്നിരിക്കുന്നത്.

ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി ഉത്തരകൊറിയ രംഗത്തെത്തിയത്. സെപ്തംബര്‍ മൂന്നിന് ആറാമത്തെ ആണവപരീക്ഷണം കൊറിയ നടത്തിയതോടെയാണ് മേഖലയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ രൂക്ഷമായത്.

നേരത്തെ യു.എന്നിന്റെ 15 അംഗ സെക്യൂരിറ്റി കൗണ്‍സിലാണ് ഉത്തരകൊറിയക്കെതിരെ പ്രമേയം പാസാക്കിയത്. ഉത്തരകൊറിയയുടെ വസ്ത്ര കയറ്റുമതി തടഞ്ഞുകൊണ്ടും പെട്രോളിയം ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയുമാണ് പ്രമേയം.