“അകാരണമായി ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിനെതിരെ ടെക്കികള്‍ ഒന്നിക്കുന്നു: ടെക്‌നോപാര്‍ക്കില്‍ ട്രേഡ് യൂണിയന്‍ തുടങ്ങും”

single-img
15 September 2017

തിരുവനന്തപുരം: ഐടി രംഗത്തെ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ കേരളത്തിലും ട്രേഡ് യൂണിയന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനികളുടെ ചൂഷണങ്ങള്‍ക്ക് പുറമേ പിരിച്ചുവിടല്‍ ശക്തമായതോടെയാണ് തൊഴിലാളി സംഘടന എന്ന ആശയത്തിലേക്ക് ടെക്കികളെത്തിയതെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടിസിഎസ് ഉള്‍പ്പെടെയുള്ള ലാഭം കൊയ്യുന്ന വമ്പന്‍ കമ്പനികളാണ് വന്‍തോതില്‍ ജീവനക്കാരെ ടെക്‌നോപാര്‍ക്കില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. 1000 ജീവനക്കാരുള്ള ഇരുപത്തിയഞ്ചോളവും 500 ജീവനക്കാരുള്ള 25 ഉം ചെറുതും വലുതുമായ 250 കമ്പനികളുമാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. പിരിച്ചുവിടുന്നതുസംബന്ധിച്ച് കമ്പനികളൊന്നും വ്യക്തമായ വിശദീകരണം നല്‍കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.

പത്തുവര്‍ഷത്തിലധികം തൊഴില്‍ പരിചയമുള്ള ജീവനക്കാരെ വരെ ഇതിനോടകം പിരിച്ചുവിട്ടു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രൊജക്റ്റുകള്‍ നഷ്ടപ്പെട്ടു പുറത്താകുന്ന അവസ്ഥ, ചെറു കമ്പനികള്‍ വിദേശ കമ്പനികളില്‍ ലയിക്കുമ്പോള്‍ കമ്പനിയുടെ ആസ്ഥാനം അവിടേയ്ക്ക് മാറ്റേണ്ട സാഹചര്യം എന്നിവയാണ് പിരിച്ചുവിടുന്നതിനുള്ള കാരണങ്ങളായി പറയുന്നതെങ്കിലും ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സ് തുടങ്ങിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഐടി രംഗത്ത് ചുവടുറപ്പിക്കുമ്പോള്‍ ജീവനക്കാര്‍ അധികം ഇല്ലാതെ തന്നെ കമ്പനികള്‍ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതാണ് പിരിച്ചുവിടലിന്റെ യഥാര്‍ത്ഥ കാരണം.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വമ്പന്‍ കമ്പനികളെല്ലാം ഈ സാങ്കേതിക വിദ്യ പൂര്‍ണ്ണമായി നടപ്പാക്കാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ ജീവനക്കാരെ ഒഴിവാക്കി ഉയര്‍ന്ന ലാഭം കൊയ്യാനും കഴിയും. ഇതു മുന്നില്‍കണ്ടാണ് ഇപ്പോഴുള്ള പിരിച്ചുവിടലെന്നും ജീവനക്കാര്‍ പറയുന്നു.

മുതിര്‍ന്ന ജീവനക്കാരെ ജോലിയില്‍ തുടരാന്‍ അനുവദിക്കുമ്പോള്‍ ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരും. ഇത് ഒഴിവാക്കി ചെറുപ്പക്കാരെ കുറഞ്ഞവേതനത്തില്‍ നിയമിക്കാനാണ് ഇവരുടെ തീരുമാനം. ടെക്‌നോപാര്‍ക്കിലെ പ്രമുഖ കമ്പനികളെല്ലാം ഈ മാര്‍ഗം സ്വീകരിക്കാന്‍ തുടങ്ങിയതോടെ ഒരു വിഭാഗം ജീവനക്കാര്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും അനുകൂല നിലപാടു വൈകുന്ന സാഹചര്യത്തിലാണ് തൊഴിലാളി യൂണിയന്‍ ആരംഭിക്കുക എന്ന തീരുമാനത്തിലേക്കിവര്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ബംഗളുരുവില്‍ ആരംഭിച്ച ട്രേഡ് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയാണിപ്പോള്‍ ടെക്കികള്‍. കമ്പനികളുടെ നിലപാടിന് മാറ്റമില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ഐടി പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളിച്ചുള്ള യൂണിയന്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് സൂചന.