സൗദിയില്‍ പൊതുമാപ്പ് ആനൂകൂല്യം ഒരുമാസം കൂടി ഉപയോഗപ്പെടുത്താം

single-img
15 September 2017

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് സാമ്പത്തിക പിഴയും ജയില്‍ ശിക്ഷയും പുനഃപ്രവേശന വിലക്കുമില്ലാതെ മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം കൂടി ഉപയോഗപ്പെടുത്താമെന്നാണ് ഇന്ത്യന്‍ എംബസി നല്‍കുന്ന വിവരം.

സെപ്റ്റംബര്‍ 16 മുതല്‍ ഒരു മാസത്തേക്കാണ് വീണ്ടും അവസരം നല്‍കുക. എന്നാല്‍ പൊതുമാപ്പ് നീട്ടിയതുമായി ബന്ധപ്പെട്ട് സൗദി അധികൃതരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബുധനാഴ്ച അംബാസഡര്‍ അഹമ്മദ് ജാവേദ് സൗദി തൊഴില്‍കാര്യ സഹമന്ത്രി അദ്‌നാന്‍ അബ്ദുല്ല അല്‍നുഐമിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യത്തുള്ള ഇന്ത്യന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 29നാണ് ആദ്യ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ 24 വരെയായിരുന്നു മൂന്നുമാസ കാലാവധി. അതവസാനിച്ചശേഷം വീണ്ടും ഒരുമാസം കൂടി നീട്ടിയിരുന്നു.

നാലുമാസത്തെ പൊതുമാപ്പ് കാലയളവില്‍ ഏഴ് ലക്ഷത്തോളം ആളുകള്‍ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുവിട്ടിരുന്നു. അതില്‍ ഏതാണ്ട് അരലക്ഷം ഇന്ത്യാക്കാരും അവസരം പ്രയോജനപ്പെടുത്തി. അതേസമയം, പൊതുമാപ്പില്‍ ഏതെല്ലാം വിഭാഗത്തില്‍പെട്ട നിയമ ലംഘകര്‍ക്കാണ് രാജ്യം വിടാന്‍ അവസരം നല്‍കുന്നതെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച വിശദാംശം ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.