ഹിന്ദുക്കളായ റോഹിങ്ക്യകള്‍ക്ക് മാത്രം അഭയം നല്‍കാമെന്ന് ആര്‍എസ്എസ് നേതാവ്: ‘മുസ്ലിങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി’

single-img
15 September 2017

ഹിന്ദുക്കളായ റോഹിങ്ക്യകള്‍ക്ക് രാജ്യത്ത് അഭയം നല്‍കാമെന്ന് ആര്‍എസ്എസ് താത്വികാചാര്യന്‍ കെ എന്‍ ഗോവിന്ദാചാര്യ. അവര്‍ക്ക് വേറെങ്ങും പോകാനിടമില്ല. മാത്രമല്ല ഹിന്ദുക്കളായതുകൊണ്ട് തത്വശാസ്ത്ര പരമായും ആശയപരമായും രാജ്യത്തോട് ഇണങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മറ്റുള്ള അഭയാര്‍ത്ഥികളെ സമാന രീതിയില്‍ കണക്കാക്കാനാവില്ല. റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഗോവിന്ദാചാര്യ പറഞ്ഞു. റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ എങ്ങനെ ജമ്മു കശ്മീരിലെത്തി എന്നതിനെക്കുറിച്ച് അന്വേഷിക്കണം.

ബംഗാളിലെ ഒമ്പതു ജില്ലകള്‍ മുസ്ലിം ഭൂരിപക്ഷ മേഖലയായി മാറിയിരിക്കുകയാണ്. അഭയാര്‍ത്ഥി പ്രശ്‌നം കേവലം മാനുഷിക പ്രശ്‌നം മാത്രമായി ലഘൂകരിച്ച് കാണാനാകില്ല. ദേശ സുരക്ഷ സംബന്ധിച്ച് നമുക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും ഗോവിന്ദാചാര്യ പറഞ്ഞു.

റോഹിങ്ക്യന്‍ മുസ്ലിങ്ങളായ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ഇവരെ പുറത്താക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് കെ എന്‍ ഗോവിന്ദാചാര്യയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. റോഹിങ്ക്യന്‍ മുസ്ലിങ്ങളെ രാജ്യത്ത് താമസിക്കാന്‍ അനുവദിച്ചാല്‍ മറ്റൊരു വിഭജനത്തിനാകും വഴിവെയ്ക്കുകയെന്നും ഗോവിന്ദാചാര്യ അഭിപ്രായപ്പെട്ടിരുന്നു.