കേന്ദ്രീയ വിദ്യാലയത്തില്‍ ആറുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി

single-img
15 September 2017

രാജസ്ഥാനിലെ ബാര്‍മെറില്‍ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ആറുവയസുകാരിയായ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

പീഡനം എന്നാണു നടന്നതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കാത്ത വിധം അവശയാണ് കുട്ടിയെന്നും പൊലീസ് പറഞ്ഞു. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കനത്ത മുറിവേറ്റതായി കണ്ടെത്തി.

അസ്വാഭാവികമായ സംഭവമായതിനാല്‍ ഉടനെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് ജാലിപ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും ഉള്‍പ്പെടെ ചോദ്യം ചെയ്തുവരികയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമായിരിക്കും കൂടുതല്‍ നടപടി. സംഭവത്തില്‍ അന്വേഷണത്തിന് പൊലീസ് സൂപ്രണ്ട് ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ കലക്ടറും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.