പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

single-img
15 September 2017

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ 50 ശതമാനം ഇളവുമായി ഫ്‌ലൈദുബായ്. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്‌നൗ, മുംബൈ, എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും ഓഫര്‍ ലഭ്യമാണ്.

ഏറെ തിരക്കുള്ള വേനലവധിക്ക്‌ശേഷമാണ് ഫ്‌ലൈദുബായ് ഓഫറുമായി രംഗത്തെത്തിയത്. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ പകുതിവരെ പൊതുവെ തിരക്ക് കുറയുന്ന കാലമായാണ് കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് വിമാനക്കമ്പനിയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.

ഇക്കോണമി, ബിസിനസ് ക്ലാസുകളില്‍ ഈ ഓഫര്‍ ലഭ്യമാണെന്ന് ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്‌ലൈദുബായ് അറിയിച്ചു. സെപ്റ്റംബര്‍ 15 മുതല്‍ 2018 ഒക്ടോബര്‍ 27 വരെയുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍ ബാധകം. ഈ മാസം 26ന് അര്‍ധരാത്രിവരെയെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്കിങ്ങ് സാധിക്കുകയുള്ളു.

ദുബായിലേക്കുള്ള വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്. വിമാനയാത്രയുടെ അടിസ്ഥാന നിരക്ക് നോക്കിയാണ് ഇളവ് അനുവദിക്കുക. ട്രാവല്‍ ഏജന്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ സര്‍വീസ് ചാര്‍ജ് എടുക്കാന്‍ സാധ്യതയുണ്ടെന്നും ഫ്‌ലൈദുബായ് അധികൃതര്‍ അറിയിച്ചു.