പെട്രോളിന് അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ 30 രൂപ കൂടുതൽ: പ്രതിഷേധം കനക്കുന്നു

single-img
15 September 2017

അയൽ രാജ്യങ്ങളേക്കാള്‍ ഇന്ധനവിലയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യ തന്നെ. പെട്രോളിയം പ്ലാനിങ് ആന്റ് ആനാലിസിസ് സെല്ലിന്റെ സെപ്തംബര്‍ 1 ലെ കണക്കുകള്‍ പ്രകാരം സാമ്പത്തികമായി ഇന്ത്യയേക്കാള്‍ പിന്നോക്കം നില്‍ക്കുന്ന അയൽ രാജ്യങ്ങളേക്കാള്‍ 30 രൂപയോളം കൂടുതലാണ് ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില.

ബംഗ്ലാദേശ്, നേപ്പാള്‍,ശ്രീലങ്ക, പാക്കിസ്ഥാന്‍, എന്നീരാജ്യങ്ങളിലെ ഇന്ധന വിലയുമായി താരതമ്യം ചെയ്തതില്‍ ഏറ്റവും കൂടുതല്‍ വില നമ്മുടെ രാജ്യത്താണെന്നാണ് റിപ്പേര്‍ട്ട്. ഇന്ത്യയില്‍ പെട്രോളിന് ലിറ്ററിന് 70.26 രൂപയാണ്. അതേസമയം തൊട്ടടുത്തെ പാക്കിസ്ഥാനില്‍ 40.82 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ബംഗ്ലാദേശ് മാത്രമാണ് വിലയില്‍ ഇന്ത്യയ്‌ക്കൊപ്പമുള്ളത്.

ഡീസലിന്റെ വിലയിലും ഇന്ത്യയാണ് ഒന്നാമത്. അതേസമയം എല്‍പിജിയുടെ വിലയില്‍ സബ്‌സിഡി കിഴിച്ച് ഏറ്റവും കുറവ് വില ഇന്ത്യയിലാണ്. 487.18 രൂപയാണ് ഇന്ത്യയിലെ വില. എന്നാല്‍ മണ്ണെണ്ണയുടെ വിലയില്‍ ഏറ്റവും കുറവ് ശ്രീലങ്കയിലാണ്. ഇന്ത്യയില്‍ മണ്ണെണ്ണയ്ക്ക് മുംബൈയിലെ വില 22.27 രൂപയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തിയിട്ടും ഇന്ത്യയില്‍ പെട്രോളിന്റെ വില കുത്തനെ ഉയരുക തന്നെയാണ്. കേന്ദ്ര, സംസ്ഥാന നികുതികള്‍ തന്നെയാണ് ഇന്ധനവില കയറ്റത്തിന്റെ കാരണം. ഇതുവഴി കേന്ദ്രത്തിന്റെ നികുതി വരുമാനം ഇരട്ടിച്ചപ്പോള്‍ പെരുവഴിയിലായത് സാധാരണക്കാരാണ്. ദിവസംതോറും ഇന്ധന വില പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചതോടെയാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇത്രയും വര്‍ധനവുണ്ടായിരിക്കുന്നത്.

പെട്രോളിനും ഡീസലിനും ലിറ്ററിന് 7 രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. ദിവസേന വില മാറുന്നതിനാല്‍ വിലവര്‍ധന ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ദിവസവും അഞ്ചോ പത്തോ പൈസ മാത്രമാണ് വിലയിലുള്ള വര്‍ധന. എന്നാല്‍, മൊത്തത്തിലുള്ള കണക്കെടുക്കുമ്പോള്‍ മാത്രമാണ് വിലയിലുണ്ടായിരിക്കുന്ന വന്‍മാറ്റം മാനസിലാവുക. രാജ്യവ്യാപകമായി പെട്രോള്‍, ഡീസല്‍ വില ദിവസവും പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചത് 2017 ജൂണ്‍ 16 മുതലാണ്. അന്നു മുതല്‍ തുടര്‍ച്ചയായി രണ്ടാഴ്ച വില കുറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ചെറിയ രീതിയില്‍ വില ഉയര്‍ത്തിത്തുടങ്ങുകയായിരുന്നു.

അന്താരാഷ്ട്ര തലത്തിലെ അസംസ്‌കൃത എണ്ണവിലയും രൂപ ഡോളര്‍ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിച്ചിരുന്നത്. അങ്ങനെ വരുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും അതിന്റെ ഗുണഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്തത് കേന്ദ്ര സംസ്ഥാന നികുതികള്‍ മൂലമാണ്. ക്രൂഡ് ഓയില്‍ വില കഴിഞ്ഞ 9 വര്‍ഷത്തിനിടെ 60 ശതമാനം താഴ്‌ന്നെങ്കിലും ഇന്ത്യയില്‍ ഇന്ധനവില 45 ശതമാനമാണ് ഉയര്‍ന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പെട്രോളിന്റെ നികുതി 127 ശതമാനവും ഡീസലിന്റേത് 387 ശതമാനവുമാണ് ഉയര്‍ത്തിയത്. 2014 ല്‍ നികുതിയിനത്തില്‍ 99184 കോടി രൂപ ലഭിച്ചയിടത്ത് 2,42,691 കോടിയാണ് കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമതുള്ളത് മഹാരാഷ്ട്രയാണ്. കേരളം ആറാം സ്ഥാനത്തും.

അതേസമയം ഇന്ധനവില ജി.എസ്.ടി.യ്ക്കു കീഴില്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞിരുന്നു. ജിഎസ്ടിക്ക് കീഴില്‍ പെട്രോളിയം ഉത്പന്നങ്ങളേയും ഉള്‍പ്പെടുത്തിയാല്‍ വിലവര്‍ദ്ധന ഒരുപരിധി വരെ തടയാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.